'സതീശനെതിരെ ആരോപണം ഉന്നയിക്കാന്‍ ആവശ്യപ്പെട്ടെന്നത് കള്ളം ; പി വി അന്‍വറിന് വീണ്ടും വക്കീല്‍ നോട്ടീസ് അയച്ച് പി ശശി
പി വി അന്‍വറിന് വീണ്ടും പി ശശിയുടെ വക്കീല്‍ നോട്ടീസ്. വി ഡി സതീശനെതിരായ അഴിമതി ആരോപണം ഉന്നയിക്കാന്‍ ആവശ്യപ്പെട്ടത് ശശിയാണെന്ന പരാമര്‍ശത്തിലാണ് നടപടി. പി വി അന്‍വറിന്റെ ആരോപണം അടിസ്ഥാനരഹിതമെന്നും പിന്‍വലിക്കണമെന്നും പി ശശിയുടെ വക്കീല്‍ നോട്ടീസ് പറയുന്നു. ശശി അന്‍വറിന് അയക്കുന്ന നാലാമത്തെ വക്കീല്‍ നോട്ടീസാണിത്. പി ശശിയുടെ പരാതിയില്‍ മൂന്ന് കേസുകള്‍ നിലവില്‍ അന്‍വറിനെതിരെ കണ്ണൂരിലെ കോടതികളിലുണ്ട്.
പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ഉന്നയിച്ച ആരോപണം പി ശശി പറഞ്ഞിട്ടെന്ന് പറഞ്ഞ് യുഡിഎഫിന്റെ ഗുഡ് ബുക്കില്‍ ഇടം നേടുന്നതിനൊപ്പം സിപിഎമ്മിനകത്ത് സംശയത്തിന്റെ ഒരു വലിയ തിരി നീട്ടി എറിഞ്ഞുകൊണ്ടായിരുന്നു പിവി അന്‍വര്‍ ഇന്നലെ വാര്‍ത്താസമ്മേളനം നടത്തിയത്. ഇടതുമുന്നണിയുമായി തെറ്റിപ്പിരിഞ്ഞ ശേഷം മുഖ്യമന്ത്രിക്കും പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് പിവി അന്‍വര്‍ ഉന്നയിച്ചിരുന്നത്. അതെല്ലാം സിപിഎം നേതാക്കള്‍ തന്നെ പറഞ്ഞിട്ടാണെന്നാണ് അന്‍വര്‍ ഇന്നലെ പറഞ്ഞത്. ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നല്‍കിയവര്‍ പിന്നീട് ഫോണെടുത്തില്ലെന്നും പേര് ഇപ്പോള്‍ പറയുന്നില്ലെന്നുമായിരുന്നു അന്‍വറിന്റെ ഭീഷണി. അതേസമയം, പ്രതിപക്ഷ നേതാവിനെതിരെ ആരോപണം എഴുതിക്കൊടുത്തു എന്നതടക്കം പിവി അന്‍വര്‍ പറയുന്നതെല്ലാം പച്ചക്കള്ളമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും പി ശശി വ്യക്തമാക്കി.