ഹണി റോസിനെതിരെ ബഹുമാനപുരസ്സരം വിമര്‍ശനങ്ങള്‍ തുടരുമെന്ന് രാഹുല്‍ ഈശ്വര്‍. തനിക്ക് ജയിലില്‍ പോകാന്‍ പേടിയോ മടിയോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കമ്മീഷന്‍ ഫോര്‍ മെന്‍ ഇവിടെ ആവശ്യമുണ്ട്. തന്നെപ്പോലൊരാള്‍ പ്രിവിലേജ്ഡ് ബാക്ക്?ഗ്രൗണ്ടില്‍ നിന്ന് ആയതുകൊണ്ട് സപ്പോര്‍ട്ട് ചെയ്യാനാളുണ്ട്. സാധാരണക്കാരനായ ഒരാള്‍ക്ക് പക്ഷേ അങ്ങനെയല്ല. അയാള്‍ മാനസികമായി തകര്‍ന്നുപോകും. സപ്പോര്‍ട്ട് ഉണ്ടാവില്ല. അതുകൊണ്ടാണ് മെന്‍സ് കമ്മീഷന്‍ വേണ്ടതെന്നും രാഹുല്‍ പറഞ്ഞു.
സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന ഹണി റോസിന്റെ പരാതിയില്‍ അറസ്റ്റ് സാധ്യത മുന്നില്‍ കണ്ട് രാഹുല്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. കേസെടുക്കുന്നതില്‍ പൊലീസ് നിയമോപദേശം തേടിയ വേളയിലാണ് ഹൈക്കോടതിയില്‍ രാഹുല്‍ ഈശ്വര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി പൊലീസിന്റെ നിലപാട് തേടിയിരുന്നു. എന്നാല്‍ രാഹുലിനെതിരെ പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല. സാമൂഹിക മാധ്യമങ്ങളിലൂടെയും ചാനല്‍ ചര്‍ച്ചകളിലൂടെയും തന്നെ അധിക്ഷേപിച്ചുവെന്നായിരുന്നു ഹണി റോസിന്റെ പരാതി. കൂടാതെ തൃശൂര്‍ സ്വദേശി സലിമും രാഹുലിനെതിരെ പരാതി നല്‍കിയിരുന്നു.
ഹണി റോസിനെ അധിക്ഷേപിച്ചിട്ടില്ലെന്നാണ് ജാമ്യാപേക്ഷയില്‍ രാഹുല്‍ ഈശ്വറിന്റെ വാദം. ഹണി റോസിന്റെ വസ്ത്ര ധാരണത്തില്‍ ഉപദേശം നല്‍കുക മാത്രമാണ് താന്‍ ചെയ്തത്. സൈബര്‍ ആക്രമണത്തിന് കാരണമായ ഒന്നും മാധ്യമങ്ങളിലൂടെ സംസാരിച്ചിട്ടില്ല. ആര്‍ക്കെതിരെയും സൈബര്‍ അധിക്ഷേപം പാടില്ല എന്നാണ് തന്റെ നിലപാട് എന്നുമാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ രാഹുല്‍ ഈശ്വറിന്റെ വാദം.