പുതിയ കോണ്‍ഗ്രസ് ആസ്ഥാനത്തിന് പുറത്ത് 'മന്‍മോഹന്‍ സിംഗ് ഭവന്‍' എന്ന് ഫ്‌ലെക്‌സ്; പേരിനെച്ചൊല്ലി വിവാദം

പുതിയ കോണ്‍ഗ്രസ് ആസ്ഥാനത്തിന് പുറത്ത് 'മന്‍മോഹന്‍ സിംഗ് ഭവന്‍' എന്ന് ഫ്‌ലെക്‌സ്; പേരിനെച്ചൊല്ലി വിവാദം
അല്‍പ്പസമയം മുന്‍പ് ഉദ്ഘാടനം ചെയ്യപ്പെട്ട പുതിയ കോണ്‍ഗ്രസ് ആസ്ഥാനത്തിന്റെ പേരിനെച്ചൊല്ലി വിവാദം. ആസ്ഥാനത്തിന് പുറത്ത് 'സര്‍ദാര്‍ മന്‍മോഹന്‍ സിംഗ് ഭവന്‍' എന്ന് പേരില്‍ ഫ്‌ലക്‌സ് സ്ഥാപിക്കപ്പെട്ടതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ആരാണ് ഫ്‌ലക്‌സ് സ്ഥാപിച്ചത് എന്ന് വ്യക്തമല്ല. അതിനാല്‍ തന്നെ ഇക്കാര്യം വിവാദമാക്കേണ്ടതില്ല എന്നാണ് നേതാക്കളുടെ നിലപാട്. എന്നാല്‍ വിഷയം വിവാദമാക്കി ബിജെപി രംഗത്തെത്തിയിട്ടുണ്ട്.

ഇന്ദിര ഭവന്‍ എന്നാണ് പുതിയ കോണ്‍ഗ്രസ് ആസ്ഥാനത്തിന്റെ പേര്. ആസ്ഥാനത്തിന് പുറത്ത് മന്‍മോഹന്‍ സിംഗ് ഭവന്‍ എന്ന പേരില്‍ ഫ്‌ളക്‌സ് കണ്ടതോടെ ബിജെപിയും രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രണബ് മുഖര്‍ജിയെയും നരസിംഹ റാവുവിനെയും അപമാനിച്ച പോലെ കോണ്‍ഗ്രസ് മന്‍മോഹന്‍ സിങിനെയും അപമാനിച്ചെന്നും, 'കുടുംബം ആദ്യം' എന്ന മനോഭാവമാണ് കോണ്‍ഗ്രസിനുള്ളത് എന്നും ബിജെപി പറഞ്ഞു. ജീവിച്ചിരുന്നപ്പോള്‍ ഗാന്ധി കുടുംബം മന്‍മോഹന്‍ സിംഗിനെ ബഹുമാനിച്ചില്ലെന്ന നിലപാടുമായി ബിജെപി നേതാവ് അമിത് മാളവ്യ രം?ഗത്തെത്തിയിട്ടുണ്ട്. മന്‍മോഹന്‍ സിങിന്റെ പേര് പുതിയ ആസ്ഥാനത്തിന് നല്‍കി അദ്ദേഹത്തെ ബഹുമാനിക്കാനുള്ള അവസരമാണ് ഇത്. ശരിയായ തീരുമാനം കോണ്‍ഗ്രസാണ് എടുക്കേണ്ടതെന്നും അമിത് മാളവ്യ കൂട്ടിച്ചേര്‍ത്തു.

അല്പസമയം മുന്‍പാണ് കോണ്‍ഗ്രസ് പതാക ഉയര്‍ത്തി മല്ലികാര്‍ജുന്‍ ഖര്‍ഗെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. തുടര്‍ന്ന് സോണിയ ഗാന്ധി നാടമുറിക്കുകയും മല്ലികാര്‍ജുന്‍ ഖര്‍ഗെ ദീപം തെളിയിക്കുകയും ചെയ്തിരുന്നു.

Other News in this category



4malayalees Recommends