മുംബൈ ബാന്ദ്രയിലുള്ള സൈഫ് അലി ഖാനും കരീന കപൂറും താമസിക്കുന്ന വീട്ടില്‍ മോഷണശ്രമത്തിനിടെ സെയ്ഫ് അലി ഖാന് കുത്തേറ്റു. വ്യാഴാഴ്ച പുലര്‍ച്ചെ 2.30 ന് സൈഫ് അലി ഖാനും കുടുംബവും വീട്ടില്‍ ഉറങ്ങുമ്പോഴായിരുന്നു സംഭവം. വീട്ടിലുണ്ടായിരുന്നവര്‍ ഉണര്‍ന്നതിനെ തുടര്‍ന്ന് മോഷ്ടാവ് ഓടി രക്ഷപ്പെട്ടതായും ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പോലീസ് പറഞ്ഞു. ബാന്ദ്ര പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നീക്കത്തിലാണ്. പ്രതിയെ പിടികൂടാന്‍ നിരവധി പോലീസ് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്.
ഒരു മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ സംഭവം സ്ഥിരീകരിച്ചു, ''സെയ്ഫ് അലി ഖാനെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ അദ്ദേഹം ചികിത്സയിലാണ്. കവര്‍ച്ചക്കാരനുമായുള്ള ഏറ്റുമുട്ടലില്‍ കുത്തേറ്റതാണോ അതോ പരിക്കേറ്റതാണോ എന്ന് ഇതുവരെ വ്യക്തമല്ല. ഞങ്ങള്‍ വിഷയം അന്വേഷിച്ചുവരികയാണ്. സംഭവത്തില്‍ മുംബൈ ക്രൈംബ്രാഞ്ചും സമാന്തര അന്വേഷണം നടത്തുന്നുണ്ട്, അദ്ദേഹം പറയുന്നു:
''സെയ്ഫിനെ അജ്ഞാതര്‍ അയാളുടെ വീട്ടില്‍ വച്ച് ആക്രമിച്ചു. പുലര്‍ച്ചെ മൂന്നരയോടെ ലീലാവതിയില്‍ എത്തിച്ചു. അദ്ദേഹത്തിന് ആറ് പരിക്കുകളുണ്ട്, അതില്‍ രണ്ടെണ്ണം ആഴത്തിലുള്ളതാണ്. ഒരു മുറിവ് നട്ടെല്ലിനോട് അടുത്താണ്. ഞങ്ങള്‍ അവനെ ഓപ്പറേഷന്‍ ചെയ്യുന്നു. ന്യൂറോ സര്‍ജന്‍ നിതിന്‍ ഡാങ്കെ, കോസ്മെറ്റിക് സര്‍ജന്‍ ലീന ജെയിന്‍, അനസ്തറ്റിസ്റ്റ് നിഷാ ഗാന്ധി എന്നിവര്‍ ചേര്‍ന്നാണ് ശസ്ത്രക്രിയ നടത്തുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം മാത്രമേ പരിക്കിന്റെ വ്യാപ്തി വ്യക്തമാക്കൂ,ലീലാവതി ഹോസ്പിറ്റലിലെ സിഒഒ ഡോ നിരജ് ഉത്തമാനി പറഞ്ഞു: