മഹാരാഷ്ട്രയിലെ ബാരാമതിയില്‍ മകനെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍. പിതാവായ വിജയ് ഗണേഷ് ഭണ്ഡാല്‍ക്കറാണ് അറസ്റ്റിലായത്. കുട്ടി വീട്ടിലിരുന്ന് പഠിക്കാത്തതില്‍ പ്രകോപിതനായ വിജയ് ഗണേഷ് മകന്റെ തല ചുമരില്‍ ഇടിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുവെന്നാണ് പൊലീസ് പറയുന്നത്. മകന്‍ പിയൂഷ് വിജയ് ഭണ്ഡാല്‍ക്കറാണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ കുട്ടിയുടെ മുത്തശ്ശിയേയും മുത്തശ്ശനെയും അമ്മാവനെയും അറസ്റ്റ് ചെയ്തതായി പൂനെ റൂറല്‍ പൊലീസ് സൂപ്രണ്ട് പങ്കജ് ദേശ്മുഖ് വ്യക്തമാക്കി.
പിയൂഷ് ബോധരഹിതനായി വീണുവെന്ന് പറഞ്ഞാണ് കുടുംബം കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. കുട്ടി മരിച്ചുവെന്ന് തിരിച്ചറിഞ്ഞ ഡോക്ടര്‍മാര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയിലെത്തിക്കാതെ സംസ്‌കാരം നടത്താന്‍ വീട്ടുകാര്‍ തീരുമാനിക്കുകയായിരുന്നു.
കുട്ടി ബോധരഹിതനായി വീണ് മരണപ്പെട്ടുവെന്ന് നാട്ടുകാരെ വിശ്വസിപ്പിച്ചു. എന്നാല്‍ വീട്ടുകാരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് എത്തിയപ്പോള്‍ കുട്ടിയുടെ മൃതദേഹം ശ്മശാനത്തിലെ ചിതയില്‍ വെച്ചിരിക്കുകയായിരുന്നു. വീട്ടുകാര്‍ എതിര്‍ത്തെങ്കിലും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തില്‍ കുട്ടിയുടെ കഴുത്ത് ഞെരിഞ്ഞതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു . കുറ്റം മറച്ചുവയ്ക്കാനും തെളിവു നശിപ്പിക്കാനും ശ്രമിച്ച കുറ്റത്തിനാണ് മുത്തശ്ശിയെയും മുത്തച്ഛനേയും അമ്മാവനെയും അറസ്റ്റ് ചെയ്തതെന്നും പൊലീസ് വ്യക്തമാക്കി.