15കാരിയെ വിവാഹം കഴിച്ചെന്ന് വിശ്വസിപ്പിച്ച് പീഡനം; മദ്യപാനിയായ ഭര്‍ത്താവില്‍ നിന്ന് രക്ഷനേടാന്‍ ചെയ്തതെന്ന് പെണ്‍കുട്ടിയുടെ അമ്മ
15കാരിയെ വിവാഹം കഴിച്ചെന്ന് വിശ്വസിപ്പിച്ച് മൂന്നാറില്‍ കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസില്‍ കഴിഞ്ഞ ദിവസമാണ് യുവാവും പെണ്‍കുട്ടിയുടെ അമ്മയും കഴിഞ്ഞ ദിവസം അറസ്റ്റിലായത്. എന്നാല്‍ മദ്യപാനിയായ ഭര്‍ത്താവില്‍ നിന്ന് രക്ഷ തേടിയാണ് മകളെ വിവാഹം കഴിപ്പിച്ചതും ഇരുവര്‍ക്കുമൊപ്പം നാട് വിട്ടതെന്നുമാണ് അമ്മയുടെ മൊഴി. ഭര്‍ത്താവിന്റെ പരാതിയിന്മേലാണ് പെണ്‍കുട്ടിയുടെ അമ്മയെയും ഒപ്പമുണ്ടായിരുന്ന യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച രാവിലെ മുതല്‍ 15കാരിയെ കാണാനില്ലെന്നായിരുന്നു മൊഴി. പെണ്‍കുട്ടിയെ അമ്മയുടെ സഹായത്തില്‍ വീട്ടില്‍ നിന്ന് യുവാവ് വിളിച്ചിറക്കി കൊണ്ടുപോയി എന്നും മൊഴിയിലുണ്ടായിരുന്നു. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ച പൊലീസ് തിങ്കളാഴ്ച രാവിലെ മൂന്നാര്‍ ടൗണിലെ ഹോട്ടല്‍ മുറിയില്‍ നിന്ന് മൂവരെയും കണ്ടെത്തി. ഇലന്തൂര്‍ ഇടപ്പരിയാരം വല്യകാലയില്‍ വീട്ടില്‍ അമല്‍ പ്രകാശ് (25), മുപ്പത്തിയഞ്ചുകാരിയായ കുട്ടിയുടെ അമ്മ എന്നിവരാണ് മലയാലപ്പുഴ പൊലീസിന്റെ പിടിയിലായത്.
ഹോട്ടലില്‍ തങ്ങിയ സമയത്ത് മാതാവ് പുറത്തുപോയപ്പോള്‍ അമല്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. ഇതോടെ യുവാവിനെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിന് കൂട്ടുനിന്നതിന് 35 കാരിയായ പെണ്‍കുട്ടിയുടെ അമ്മയും അറസ്റ്റിലായി. മദ്യപാനിയായ ഭര്‍ത്താവില്‍ നിന്ന് മോചനം കിട്ടാനാണ് മകളുമായി യുവാവിനൊപ്പം പോയതെന്നാണ് അമ്മയുടെ ഒരു മൊഴി. വീട്ടിലെ സാമ്പത്തിക പ്രയാസങ്ങളെക്കുറിച്ചും ഇവരുടെ മൊഴിയിലുണ്ട്. എന്നാല്‍ പൊലീസ് ഇത് പൂര്‍ണ്ണമായി വിശ്വസിക്കുന്നില്ല. യുവാവിന്റെയും അമ്മയുടെയും ഫോണ്‍വിളി രേഖകള്‍ ഉള്‍പ്പെടെ വിശദമായി പരിശോധിച്ച ശേഷമേ കേസില്‍ ഒരു വ്യക്തതവരൂവെന്ന് പൊലീസ് പറഞ്ഞു.