സിഡ്‌നിയില്‍ നിന്നുള്ള മൂന്നുവയസുകാരിയായ ജാന അല്‍ ഈസാവി ബാലിയിലെ സെമിനാക്കിലുള്ള വില്ലയിലെ കുളത്തില്‍ മുങ്ങിമരിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവമുണ്ടായത്. കുളത്തിലേക്കുള്ള ഗേറ്റ് പൂട്ടിയിട്ടുണ്ടെന്ന് കുടുംബം തെറ്റിദ്ധരിച്ചിതാണ് അപകടത്തിന് കാരണമായത്.
ജാനയുടെ പിതാവാണ് ആദ്യം കുട്ടിയെ കുളത്തില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ അദ്ദേഹം കുട്ടിയെ പുറത്തെടുത്ത് സിപിആര്‍ നല്‍കാന്‍ ശ്രമിച്ചു. അടുത്തുണ്ടായിരുന്ന ഓസ്‌ട്രേലിയന്‍ വനിതയും സഹായത്തിനെത്തി. എന്നാല്‍ ജാനയെ രക്ഷിക്കാനായില്ല. നാലാം ജന്മ ദിനം ആഘോഷിക്കാനിരിക്കുകയായിരുന്നു. സ്‌കൂളില്‍ പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് വിയോഗം.
ഹൃദയഭേദകമായ സംഭവം മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പാകണമെന്ന് ജാനയുടെ മാതാപിതാക്കള്‍ പറഞ്ഞു. സമാനമായ ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കുട്ടികളെ ചെറുപ്പത്തിലേ നീന്തല്‍ പഠിപ്പിക്കണമെന്നും മാതാപിതാക്കള്‍ പറഞ്ഞു. കുടുംബം മൃതദേഹവുമായി സിഡ്‌നിയിലേക്ക് മടങ്ങും. അവിടെയാണ് സംസ്‌കാരം.