താമരശേരി പുതുപ്പാടിയില്‍ അമ്മയെ വെട്ടിക്കൊന്ന കേസിലെ പ്രതി ആഷിഖ് കോളേജ് കാലത്താണ് ലഹരിക്ക് അടിമയായതെന്ന് കൊല്ലപ്പെട്ട സുബൈദയുടെ സഹോദരി സക്കീന. പ്ലസ് ടൂവിന് ഓട്ടോ മൊബൈല്‍ കോഴ്‌സാണ് ആഷിഖ് പഠിച്ചിരുന്നത്. കോളേജില്‍ ചേര്‍ന്ന ശേഷം ആഷിഖ് മയക്കു മരുന്നിന് അടിമയാവുകയായിരുന്നുവെന്നും സക്കീന പറഞ്ഞു.
ലഹരിക്ക് അടിമയായതിന് പിന്നാലെ ആഷിഖ് വീട്ടില്‍ പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇത്തരത്തില്‍ പ്രശ്‌നമുണ്ടാക്കിയപ്പോള്‍ ഒരു തവണ നാട്ടുകാര്‍ പിടിച്ച് ആഷിഖിനെ പൊലീസില്‍ ഏല്‍പിച്ചിരുന്നു. പിന്നീട് ആഷിഖിനെ ഡീ അഡിക്ഷന്‍ സെന്ററുകളില്‍ ചികിത്സയ്ക്ക് കൊണ്ടുപോകുകയായിരുന്നു. ഒരാഴ്ച മുന്‍പാണ് ആഷിഖ് ബെംഗളൂരുവില്‍ നിന്ന് നാട്ടില്‍ എത്തിയത്ത്.നാല് ദിവസം കൂട്ടുകാരോടൊപ്പം ചിലവഴിച്ച ശേഷം ഇന്നലെ ആഷിഖ് വീട്ടിലെത്തിയിരുന്നു. അതിന് ശേഷം പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് സക്കീന പറഞ്ഞു.
ജോലിയുടെ ഭാഗമായി സക്കീന പുറത്തുപോയ സമയത്താണ് ആഷിഖ് അരുംകൊല നടത്തിയത്. ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം നടന്നത്. തേങ്ങ പൊളിക്കാന്‍ എന്ന് പറഞ്ഞ് സമീപവാസിയുടെ വീട്ടില്‍ നിന്ന് ആഷിഖ് വെട്ടുകത്തി വാങ്ങിയിരുന്നു. ഇത് ഉപയോഗിച്ചാണ് ആഷിഖ് അമ്മയെ വെട്ടികൊലപ്പെടുത്തിയത്.