യുഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ട് ; എംഎല്‍എ സ്ഥാനം രാജി വെക്കേണ്ട സാഹചര്യമടക്കം വ്യക്തമാക്കി നേതൃത്വത്തിന് കത്തയച്ച് അന്‍വര്‍

യുഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ട് ; എംഎല്‍എ സ്ഥാനം രാജി വെക്കേണ്ട സാഹചര്യമടക്കം വ്യക്തമാക്കി നേതൃത്വത്തിന് കത്തയച്ച് അന്‍വര്‍
യുഡിഎഫ് നേതൃത്വത്തിന് കത്ത് നല്‍കി മുന്‍ എംഎല്‍എ പി വി അന്‍വര്‍. യുഡിഎഫ് പ്രവേശനം സൂചിപ്പിച്ചുള്ള കത്താണ് അയച്ചത്. യുഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്നാണ് കത്തിലെ ഉളള്ളടക്കം.യുഡിഎഫില്‍ ഘടകകക്ഷിയായി ഉള്‍പ്പെടുത്തണമെന്ന ആവശ്യവും കത്തില്‍ ഉന്നയിച്ചിട്ടുണ്ട്.

എല്‍ഡിഎഫുമായി വിട പറയേണ്ടി വന്ന സാഹചര്യം, എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടി വന്ന സാഹചര്യം, താന്‍ ഉയര്‍ത്തുന്ന രാഷ്ട്രീയം, തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് പോകാനിടയായ സാഹചര്യം തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കുന്ന ദീര്‍ഘമായ കത്താണ് അന്‍വര്‍ നേതൃത്വത്തിന് കൈമാറിയത്.

യുഡിഎഫ് കണ്‍വീനര്‍, ചെയര്‍മാന്‍ എന്നിവര്‍ക്ക് പുറമേ എല്ലാ ഘടകകക്ഷി നേതാക്കള്‍ക്കും കോണ്‍ഗ്രസിന്റെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കള്‍ക്കും കത്ത് കൈമാറിയിട്ടുണ്ട്. ഇന്ന് രാഷ്ട്രീയ കാര്യ സമിതി യോഗം അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തില്‍ ചര്‍ച്ച നടത്തുന്നതിന് മുന്നോടിയാണ് കത്ത് കൈമാറ്റം.

എംഎല്‍എ പദവിയൊഴിഞ്ഞ പി വി അന്‍വര്‍ നിലമ്പൂരിനെ പ്രതിനിധീകരിച്ച് ഇനി മത്സരിക്കാനില്ലെന്ന് അറിയിച്ചിരുന്നു. മറിച്ച് യുഡിഎഫ് നിര്‍ത്തുന്ന സ്ഥാനാര്‍ത്ഥിക്ക് നിരുപാധികമായ പിന്തുണ നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു. അന്‍വറിനെ അവഗണിക്കുന്നത് ഗുണകരമല്ലെന്നും പിന്തുണ അനിവാര്യമാണെന്നും കോണ്‍ഗ്രസിനുള്ളില്‍ പലതരത്തിലുള്ള വിലയിരുത്തലുകളുണ്ട്.

കൂടുതല്‍ നേതാക്കള്‍ അന്‍വറിനെ അനുകൂലിച്ചുകൊണ്ട് സമ്മര്‍ദ്ദം ചെലുത്തുന്നുമുണ്ട്. വി ഡി സതീശനെതിരായ ആരോപണങ്ങളില്‍ അന്‍വര്‍ മാപ്പ് പറഞ്ഞതോടെ, ഇക്കാര്യത്തില്‍ വി ഡി സതീശന്റെ നിലപാട് എന്താകുമെന്നും നിര്‍ണായകമാണ്. നിലവില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നിലപാടും അന്‍വറിന് അനുകൂലമാണ്.

Other News in this category



4malayalees Recommends