ഇസ്രയേലിനെതിരെ പ്രതിഷേധം നടത്തിയ 70 ലേറെ പലസ്തീന്‍ അനുകൂലികളെ സെന്‍ട്രല്‍ ലണ്ടനില്‍ അറസ്റ്റ് ചെയ്തു. വൈറ്റ്ഹാളിലെ ഒരു റാലിയില്‍ നിന്നുള്ള മാര്‍ച്ചിനിടെ ചിലര്‍ പൊലീസ് ലൈന്‍ കടന്നതോടെയാണ് അറസ്റ്റ്.
ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ പലസ്തീനെ സ്വതന്ത്രമാക്കുകയെന്നാവശ്യപ്പെട്ടാണ് പ്രതിഷേധക്കാര്‍ ഒത്തുകൂടിയത്. 15 മാസത്തെ യുദ്ധത്തിന് ശേഷമാണ് കരാര്‍ നടപ്പാക്കുന്നത്.
ട്രാഫല്‍ഗര്‍ സ്‌ക്വയറിലേക്കു മാര്‍ച്ച് ചെയ്യുന്നതില്‍ നിന്ന് പൊലീസ് ഇവരെ തടഞ്ഞിരുന്നു. ചില പ്രതിഷേധക്കാര്‍ പൊലീസിനെ മറികടന്നുപോകാന്‍ ശ്രമിച്ചതോടെയാണ് അറസ്റ്റിലേക്ക് നീങ്ങിയത്.
മുന്‍ലേബര്‍ നേതാവ് ജെറമി കോര്‍ബിനും മുന്‍ ഷാഡോ ചാന്‍സലര്‍ ജോണ്‍ മക്‌ഡൊണലും മാര്‍ച്ചില്‍ പങ്കെടുത്തതായിട്ടാണ് റിപ്പോര്‍ട്ട്.
ട്രാഫല്‍ഗര്‍ സ്‌ക്വയറിലേക്കുള്ള പ്രധാന കവാടങ്ങള്‍ പൊലീസ് തടഞ്ഞു. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകും നിലയില്‍ പ്രതിഷേധിച്ചതിന് നാലു പേരും പ്രതിഷേധ വ്യവസ്ഥ ലംഘിച്ച രണ്ടു പേരും നിരോധിത സംഘടനയെ പിന്തുണച്ച് പ്ലക്കാര്‍ഡ് പിടിച്ച ഒരാളും ഉള്‍പ്പെടെ ഏഴു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
അതിനിടെ വെടിനിര്‍ത്തലില്‍ ആശങ്ക ജനിപ്പിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രസ്താവന വന്നു. ഗാസ വെടിനിര്‍ത്തല്‍ താല്‍ക്കാലികമെന്ന മുന്നറിയിപ്പാണ് നെതന്യാഹു നല്‍കുന്നത്. വെടിനിര്‍ത്തലിന്റെ രണ്ടാം ഘട്ട ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ സംഘര്‍ഷം വീണ്ടും ആരംഭിക്കുമെന്ന ഭീഷണിയും നെതന്യാഹു നടത്തി. കഴിഞ്ഞ ദിവസം എക്‌സില്‍ പങ്കുവെച്ച വീഡിയോയിലാണ് നെതന്യാഹു ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.