ജോലി ലഭിച്ച ശേഷമേ നാട്ടിലേക്ക് മടങ്ങൂവെന്ന് മകന്‍ പറഞ്ഞിരുന്നു, ഒടുവില്‍ ചേതനയറ്റ് കാണേണ്ടിവരുന്നു ; വേദന പങ്കുവച്ച് യുഎസില്‍ മരിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ പിതാവ്

ജോലി ലഭിച്ച ശേഷമേ നാട്ടിലേക്ക് മടങ്ങൂവെന്ന് മകന്‍ പറഞ്ഞിരുന്നു, ഒടുവില്‍ ചേതനയറ്റ് കാണേണ്ടിവരുന്നു ; വേദന പങ്കുവച്ച് യുഎസില്‍ മരിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ പിതാവ്
അമേരിക്കയിലെ കണക്ടികട്ടില്‍ താമസിച്ചിരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് കൊല്ലപ്പെട്ടു. ഹൈദരാബാദ് സ്വദേശി 26 വയസുകാരനായ കെ രവി തേജയാണ് കൊല്ലപ്പെട്ടത്. ഹൈദരാബാദില്‍ നിന്ന് എഞ്ചിനീയറിങ് ബിരുദം നേടിയ ശേഷം ഉന്നത പഠനത്തിന് അമേരിക്കയിലെത്തിയ യുവാവ് പഠനം പൂര്‍ത്തിയാക്കി ഇവിടെ ജോലി തേടുകയായിരുന്നു. കൊലയാളികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചതായാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.

കൊലപാതകത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. വാഷിങ്ടണ്‍ ഡിസിയിലാണ് കൊലപാതകം നടന്നത്. 2022 ല്‍ അമേരിക്കയിലെത്തിയ രവി തേജ, ഇവിടെ പാര്‍ട് ടൈം ജോലികള്‍ ചെയ്യുകയായിരുന്നു. രവിയുടെ സഹോദരിയും അമേരിക്കയിലാണ് ഉള്ളത്. മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആശുപത്രിയില്‍ സഹോദരി എത്തിയിട്ടുണ്ട്.

പഠനം പൂര്‍ത്തിയാക്കിയ ശേഷം ജോലിക്കായി ശ്രമിക്കുകയായിരുന്നു മകനെന്നും ജോലി ലഭിച്ച ശേഷമേ നാട്ടിലേക്ക് മടങ്ങൂവെന്ന് മകന്‍ പറഞ്ഞിരുന്നതായും രവി തേജയുടെ അച്ഛന്‍ ചന്ദ്രമൗലി പ്രതികരിച്ചു. ജനുവരി 18 ന് രാത്രിയാണ് മകനോട് അവസാനം സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു. മകന്‍ തങ്ങളോട് അമേരിക്കയിലേക്ക് വരാന്‍ പറഞ്ഞിരുന്നുവെന്നും ഇദ്ദേഹം പറയുന്നു.

ടാക്‌സി ഡ്രൈവറായിരുന്ന ചന്ദ്രമൗലി ഈ വരുമാനം കൊണ്ടാണ് മക്കളെ പഠിപ്പിച്ചത്. ഇവരെ അമേരിക്കയിലേക്ക് അയക്കാന്‍ ഇദ്ദേഹം സ്വന്തം ഭൂമിയുടെ ഒരു ഭാഗം വിറ്റു. മകന്‍ അമേരിക്കയിലെത്തിയതോടെ നാട്ടില്‍ അഭിമാനത്തോടെ കഴിഞ്ഞ കുടുംബം തീരാദുഖത്തിലേക്കാണ് തള്ളിവിടപ്പെട്ടത്.

തെലങ്കാനയിലെ നാല്‍ഗൊണ്ട സ്വദേശികളാണ് രവി തേജയുടെ കുടുംബം. ഹൈദരാബാദിലെ ചൈതന്യപുരിയിലാണ് ഇവര്‍ താമസിക്കുന്നത്. തെലങ്കാനയില്‍ നിന്ന് അമേരിക്കയിലെത്തിയ ഖമ്മം ജില്ലാ സ്വദേശിയായ 22 കാരനെ ഇക്കഴിഞ്ഞ നവംബര്‍ മാസത്തില്‍ അജ്ഞാതരായ സംഘം വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു.

Other News in this category



4malayalees Recommends