'കൂത്താട്ടുകുളത്ത് മെല്ലെപ്പോക്ക്, ഹണിറോസ് കേസില്‍ ശരവേഗത്തില്‍ നടപടി'; സഭയില്‍ ശക്തമായി പ്രതിഷേധിച്ച് പ്രതിപക്ഷം

'കൂത്താട്ടുകുളത്ത് മെല്ലെപ്പോക്ക്, ഹണിറോസ് കേസില്‍ ശരവേഗത്തില്‍ നടപടി'; സഭയില്‍ ശക്തമായി പ്രതിഷേധിച്ച് പ്രതിപക്ഷം
കൂത്താട്ടുകുളം നഗരസഭ കൗണ്‍സിലര്‍ കലാരാജുവിനെ തട്ടിക്കൊണ്ട് പോയ വിഷയത്തില്‍ അടിയന്തര പ്രമേയം നടത്താത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. വിഷയത്തില്‍ അനൂപ് ജേക്കബ് എംഎല്‍എ ആണ് അടിയന്ത്രപ്രമേയ നോട്ടീസ് അവതരിപ്പിച്ചത്. സഭ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. തുടര്‍ന്നാണ് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങി പോയത്.

സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന സ്ത്രീ സുരക്ഷ എന്താണെന്ന് അടിയന്ത്രപ്രമേയ നോട്ടീസ് അവതരിപ്പിച്ച അനൂപ് ജേക്കബ് ചോദിച്ചു. വസ്ത്രാക്ഷേപം ചെയ്യുന്നതാണോ സത്രീ സുരക്ഷയെന്നും കാല് തല്ലി ഒടിക്കും എന്ന് പറയുന്നതാണോ സുരക്ഷയെന്നും അനൂപ് ജേക്കബ് ചോദിച്ചു. അവിശ്വാസ പ്രമേയത്തെ ആശയപരമായി നേരിടാന്‍ പോലും സിപിഎമ്മിന് കരുത്തില്ലേ. മൂവാറ്റുപുഴ ഡിവൈഎസ്പി അടക്കം നോക്കി നില്‍ക്കെയാണ് കൗണ്‍സിലറെ തട്ടിക്കൊണ്ട് പോയതെന്നും അനൂപ് ജേക്കബ് പറഞ്ഞു.

ഹണി റോസ് കേസില്‍ ശര വേഗത്തില്‍ നടപടി സ്വീകരിച്ച പൊലീസ് ഈ കേസില്‍ മെല്ലെപ്പോക്കിലാണെന്നും അനൂപ് ജേക്കബ് ആരോപിച്ചു. അതേസമയം സുരക്ഷ ഒരുക്കിയെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. കലാരാജുവിന്റെ പരാതിയില്‍ ശക്തമായ നടപടി ഉണ്ടാകുമെന്നും സ്ത്രീകള്‍ക്ക് എതിരായ ആക്രമണം ഗൗ രവമായി കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പോലീസ് നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം മുഖ്യമന്ത്രിയുടെ വാക്കിനും പഴയ ചാക്കിനും ഒരേ വിലയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കേരളത്തില്‍ എത്ര പഞ്ചായത്തില്‍ കാലു മാറ്റം ഉണ്ടായി. അവരെ ഒക്കെ തട്ടി കൊണ്ട് പോകുക ആണോയെന്നും അദ്ദേഹം ചോദിച്ചു. പാര്‍ട്ടി ഏര്യാസെക്രട്ടറിയാണ് ഒന്നാം പ്രതി. കാലു മാറ്റം എന്ന നിലക്ക് സംഭവത്തെ മുഖ്യമന്ത്രി ലഘുകരിക്കുന്നു. അഭിനവ ദുശ്ശസനന്മാരായി ഭരണപക്ഷം മാറും. ഏഴ് വര്‍ഷം തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ ചെയ്തതെന്നും അതിനെ വെറും കാലുമാറ്റമായി മുഖ്യമന്ത്രി ലഘൂകരിച്ചുവെന്നും വി ഡി സതീശന്‍ ആരോപിച്ചു.



Other News in this category



4malayalees Recommends