തൃത്താലയില്‍ അധ്യാപകരോട് കൊലവിളി നടത്തിയ വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ നിന്ന് സസ്പെന്റ് ചെയ്തു. അടുത്ത ദിവസം ചേരുന്ന പിടിഎ മീറ്റിങ്ങില്‍ തുടര്‍ നടപടികള്‍ ആലോചിക്കും. പ്രധാനാധ്യാപകന്‍ മൊബൈല്‍ ഫോണ്‍ വാങ്ങി വച്ചതിനാണ് വിദ്യാര്‍ത്ഥി അധ്യാപകര്‍ക്ക് നേരെ കൊലവിളി നടത്തിയത്.
ആനക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് അധ്യാപകര്‍ക്ക് നേരെ കൊലവിളി നടത്തിയത്. സംഭവത്തില്‍ അധ്യാപകര്‍ തൃത്താല പൊലീസില്‍ പരാതി നല്‍കിയിരുന്നു. സ്‌കൂളിന് പുറത്തിറങ്ങിയാല്‍ തീര്‍ക്കുമെന്നായിരുന്നു വിദ്യാര്‍ത്ഥി പറഞ്ഞത്. ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരാന്‍ അനുവാദമില്ലാതിരുന്നിട്ടും അത് ലംഘിച്ചതോടെയാണ് അധ്യാപകര്‍ ഫോണ്‍ പിടിച്ചുവെച്ചത്. ഫോണ്‍ വാങ്ങിയതിലും വിദ്യാര്‍ത്ഥി പ്രശ്നമുണ്ടാക്കിയിരുന്നു. തുടര്‍ന്ന് പ്രധാനാധ്യാപകന്റെ മുറിയിലേയ്ക്ക് കുട്ടിയെ വിളിപ്പിക്കുകയായിരുന്നു. അവിടെ വെച്ചാണ് അധ്യാപകനെ തീര്‍ക്കുമെന്നും കൊല്ലുമെന്നുള്ള തരത്തില്‍ ഭീഷണി മുഴക്കി വിദ്യാര്‍ത്ഥി സംസാരിച്ചത്. സ്‌കൂളിന് പുറത്തേക്കിറങ്ങിയാല്‍ കൊല്ലുമെന്നായിരുന്നു ഭീഷണി. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.