മോശമായി പെരുമാറിയെന്ന പേരില്‍ വളര്‍ത്തമ്മയുടെ ക്രൂരത; പത്ത് വയസുകാരന്റെ മുകളില്‍ കയറിയിരുന്ന് കൊലപ്പെടുത്തി
മോശമായി പെരുമാറിയതിന് പത്ത് വയസുകാരന്റെ മുകളില്‍ കയറിയിരുന്ന് കൊലപ്പെടുത്തി വളര്‍ത്തമ്മ. 48 കാരിയായ ജെന്നിഫര്‍ ലീ വില്‍സണ്‍ ആണ് തന്റെ വളര്‍ത്തുമകനെ ക്രൂരമായി കൊലപ്പെടുത്തിയത്. ഇവരുടെ പത്ത് വയസുകരാനായ വളര്‍ത്തുമകന്‍ ദകോട്ട ലെവി സ്റ്റീവന്‍സാണ് മരിച്ചത്. ഫോസ്റ്റര്‍ കെയറിങിന്റെ ഭാഗമായി ജെന്നിഫര്‍ കൂടെ നിര്‍ത്തിയിരുന്ന കുട്ടിയാണ് ദകോട്ട ലെവി സ്റ്റീവന്‍. കേസില്‍ വളര്‍ത്തമ്മക്ക് കോടതി ആറ് വര്‍ഷത്തെ തടവ് ശിക്ഷി വിധിച്ചു.
കുട്ടിയുടെ മുകളില്‍ കയറിയിരുന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ് കുട്ടിയുടെ മുകളില്‍ അഞ്ച് മിനിറ്റോളം ജെന്നിഫര്‍ ഇരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലായിരുന്നു സംഭവം. സ്റ്റീവന്‍സ് താഴെ വീഴുകയായിരുന്നുവെന്നും താന്‍ ഉടന്‍ തന്നെ അധികൃതരെ വിവരം അറിയിക്കുകയും ചെയിതിരുന്നുവെന്നുമാണ് ജെന്നിഫര്‍ ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാല്‍ പിന്നീടാണ് താന്‍ കുട്ടിയുടെ മുകളില്‍ കിടന്നുവെന്നും അഞ്ച് മിനിറ്റിന് ശേഷം കുട്ടിയുടെ അനക്കം ഇല്ലാതായെന്നും അവര്‍ വെളിപ്പെടുത്തിയത്.
മോശമായി പെരുമാറിയതിനാണ് താന്‍ കുട്ടിയുടെ മുകളില്‍ കയറിയിരുന്നതെന്നാണ് ജെന്നിഫര്‍ പൊലീസിനോട് പറഞ്ഞത്. സ്റ്റീവന്‍സ് തന്നെ വിട്ടുപോകുന്നത് തടയാനാണ് ജെന്നിഫര്‍ ശ്രമിച്ചതെന്നും ഇതിനിടെ കുട്ടി കൊല്ലപ്പെട്ടതാകാമെന്നും എഫ്ഐആറില്‍ പറയുന്നുണ്ട്. ജെന്നിഫര്‍ വിവരം അറിയിച്ചതനുസരിച്ച് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയപ്പോള്‍ കുട്ടി ശ്വാസമില്ലാതെ കിടക്കുന്നതാണ് കണ്ടത്. കുട്ടിയുടെ കഴുത്തിലും നെഞ്ചിലും പരിക്കേറ്റ അടയാളവും ഉണ്ടായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ട് ദിവസത്തിന് ശേഷം മരണം സ്ഥിരീകരിക്കുകയായിരുന്നു.