ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ച പ്രതി മതില്‍ ചാടിക്കടന്ന് നടന്റെ വസതിയില്‍ പ്രവേശിക്കുമ്പോള്‍ സുരക്ഷാ ജീവനക്കാര്‍ ഉറങ്ങുകയായിരുന്നുവെന്ന് പൊലീസ്. സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടില്ലാത്ത പ്രധാന കവാടം വഴിയാണ് പ്രതി നുഴഞ്ഞുകയറിയത്. കവാടപരിസരത്ത് ക്യാമറകള്‍ ഇല്ലാത്തതും പ്രതിക്ക് സൗകര്യമായതായി പൊലീസ് പറയുന്നു.
നടന്റെ വസതിയിലെ രണ്ട് സുരക്ഷാ ജീവനക്കാരും ഉറങ്ങുകയാണെന്ന് കണ്ടപ്പോഴാണ് മതില്‍ ചാടി കടന്ന് അക്രമി അകത്ത് കയറിയത്. തുടര്‍ന്ന് ശബ്ദം ഉണ്ടാകാതിരിക്കാന്‍ തന്റെ ഷൂസ് ഊരി ബാഗില്‍ വെച്ചതിന് ശേഷമാണ് പ്രതി അകത്തേക്ക് കയറിയത്. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തു.
കെട്ടിടത്തിന്റെ ഇടനാഴിയിലും സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടില്ലെന്ന് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. രണ്ട് സെക്യൂരിറ്റി ജീവനക്കാരില്‍ ഒരാള്‍ ക്യാബിനിലും മറ്റൊരാള്‍ ഗേറ്റിനടുത്തും ഉറങ്ങുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
ബാന്ദ്രയിലെ നടന്റെ 12 നിലകളുള്ള വസതിയില്‍ നടന്ന കുറ്റകൃത്യം അന്വേഷണത്തിന്റെ ഭാഗമായി മുംബൈ പൊലീസ് പുനഃസൃഷ്ടിച്ചു. ജനുവരി 16ന് നടന്റെ വീട്ടില്‍ മോഷണം നടത്തുക എന്ന ഉദ്ദേശത്തോടെയാണ് ഷെരിഫുള്‍ ഇസ്ലാം ഷെഹ്‌സാദ് പ്രവേശിച്ചത്.
ഉള്ളിലെത്തിയതിന് പിന്നാലെ ഇയാളെ വീട്ടുജോലിക്കാര്‍ കാണുകയും അവര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും ചെയ്തു. അവിടേയ്‌ക്കെത്തിയ സെയ്ഫ് അപകടം മനസ്സിലാക്കി ഷെരീഫുളിനെ പിടിച്ചുവെക്കുകയായിരുന്നു. ഈ പിടുത്തത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനായി ഷെരീഫുള്‍ സെയ്ഫിന്റെ പുറത്ത് കത്തികൊണ്ട് ആവര്‍ത്തിച്ച് കുത്തുകയായിരുന്നു. ഇതോടെ സെയ്ഫ് പിടുത്തം വിടുകയും ഷെരീഫുള്‍ രക്ഷപ്പെടുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.