മൊണാലിസയോടു സാദൃശ്യപ്പെടുത്തിയുള്ള പെണ്‍കുട്ടിയുടെ വിഡിയോ വൈറലായി ; പരിചയപ്പെടാന്‍ വരുന്നവരുടെ ശല്യം മൂലം പെണ്‍കുട്ടിയെ മാല വില്‍പ്പന അവസാനിപ്പിച്ച് വീട്ടിലേക്ക് അയച്ച് രക്ഷിതാക്കള്‍
ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ നടക്കുന്ന മഹാകുംഭമേളയിലൂടെ പ്രശസ്തയായ പെണ്‍കുട്ടിയെ തിരികെ വീട്ടിലേക്ക് അയച്ച് രക്ഷിതാക്കള്‍. മധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള വീട്ടിലേക്കാണ് പെണ്‍കുട്ടിയെ തിരിച്ചയച്ചത്. പരിചയപ്പെടാനും വിഡിയോയെടുക്കാനും എത്തുന്നവരുടെ ശല്യം വര്‍ദ്ധിച്ചതിനാലാണ് പെണ്‍കുട്ടിയെ പിതാവ് തിരിച്ചയത്. ലിയനാഡോ ഡാവിഞ്ചിയുടെ മൊണാലിസയോടു സാദൃശ്യപ്പെടുത്തിയുള്ള പെണ്‍കുട്ടിയുടെ വിഡിയോയും വാര്‍ത്തയും ഏറെ ചര്‍ച്ചയായിരുന്നു. മഹാകുംഭമേളയില്‍ മാല വില്‍പനയ്ക്കായി എത്തിയ നിര്‍ധന കുടുംബത്തിലെ പെണ്‍കുട്ടിയാണ് കഴിഞ്ഞ ദിവസം വൈറലായത്. പെണ്‍കുട്ടിയുടെ ചാര കണ്ണുകളാണ് അവളുടെ പ്രത്യേകത.
മഹാകുംഭമേളയില്‍ മൊണാലിസയെ പോലെ ഒരു സുന്ദരി, അവളുടെ തിളങ്ങുന്ന ചാരക്കണ്ണുകള്‍ മനോഹരമാണ് എന്നിങ്ങനെയുള്ള കുറിപ്പുകളോടെ പെണ്‍കുട്ടിയുടെ വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യപകമായി പ്രചരിച്ചതോടെ കാണാനും ഫോട്ടോയെടുക്കാനും നിരവധിപേര്‍ അവളെ തേടിയെത്താന്‍ തുടങ്ങി. അവളെ കാണാന്‍ വേണ്ടി മാത്രം ആളുകള്‍ കുംഭമേളയിലേക്ക് എത്താനും തുടങ്ങി.
ഇതോടെ ഉപജീവനമാര്‍ഗമായ മാലവില്‍പനയും മുടങ്ങുന്ന അവസ്ഥയായി. വിഡിയോയും ഫോട്ടോയും എടുക്കാന്‍ വരുന്നവരോട് 'ജീവിക്കാന്‍ അനുവദിക്കില്ലേ'എന്നായിരുന്നു പെണ്‍കുട്ടിയുടെ പ്രതികരണം. തുടര്‍ന്ന് പെണ്‍കുട്ടിയെ പിതാവ് തിരികെ വീട്ടിലേക്ക് അയക്കുകയായിരുന്നു.