യുകെ സന്ദര്‍ശിക്കാന്‍ തയ്യാറെടുക്കവേ തന്റെ കുടുംബത്തെ വഞ്ചിച്ച ബര്‍മ്മിങ്ഹാം സ്വദേശിയായ മലയാളിയെ കുറിച്ച് ഡോ സൗമ്യ സരിന്‍ വെളിപ്പെടുത്തിയിരുന്നു. മനസില്‍ ദുഷ്ടതയും കൊടിയ വിഷവുമുള്ളവര്‍ക്കേ ഈ രീതിയില്‍ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും സാധിക്കൂവെന്നാണഅ അവര്‍ തന്റെ പുതിയ ലൈവ് വീഡിയോയില്‍ പറയുന്നത്.
ഡിസംബര്‍ 24ന് ആരംഭിച്ച യുകെ സന്ദര്‍ശനത്തിന് മുമ്പും ശേഷവും പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത അവര്‍ മിസ്റ്റര്‍ ബിയെന്നു വിളിക്കുന്ന യുകെ മലയാളിയുമായി ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്ന് ഡോ സൗമ്യ പറഞ്ഞു.
യുകെയിലെ യാത്രയ്ക്ക് മുമ്പ് അവരുടെ കേരളത്തിലെ വീട്ടിലെത്തി. അപ്പോള്‍ മിസ്റ്റര്‍ ബിയുടെ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അമ്മയോട് കാര്യങ്ങള്‍ അവതരിപ്പിച്ചു, കൂടാതെ യുകെയില്‍ നിന്ന് മടങ്ങി എത്തിയ ശേഷം പൊതുവായ ചില സുഹൃത്തുക്കള്‍ വഴി നഷ്ടമായ ഭീമമായ തുകയില്‍ കുറച്ച് തിരിച്ചുപിടിക്കാന്‍ ശ്രമം നടത്തി. എന്നാല്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ വിചിത്ര ആവശ്യമാണ് ഇയാള്‍ ഉന്നയിച്ചതെന്ന് ഡോ സൗമ്യ പറയുന്നു.
ഒന്നാമത്തേത് പ്രായമായ അമ്മയെ ഭീഷണിപ്പെടുത്തിയതിന് മാപ്പ് അപേക്ഷയാണ്. രണ്ടാമത്തേത് മിസ്റ്റര്‍ ബി വഴി ബുക്ക് ചെയ്ത റൂമുകള്‍ ക്യാന്‍സല്‍ ചെയ്തത് മൂലം അയാള്‍ക്കുണ്ടായ മാന നഷ്ടത്തിന് ക്ഷമ ചോദിക്കലാണ്. രണ്ടും ചെയ്തില്ലെങ്കില്‍ താനും ലൈവ് വീഡിയോയില്‍ വന്ന് കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുമെന്ന് ഇയാള്‍ പറഞ്ഞതായും ഡോ സൗമ്യ പറയുന്നു.
നല്ലവരായ കുറച്ച് യുകെ മലയാളികള്‍ തങ്ങള്‍ സഹായിച്ചുവെന്നും പിന്തുണ നല്‍കിയെന്നും സൗമ്യ തന്റെ വീഡിയോയില്‍ പറയുന്നു.
ആദ്യ വീഡിയോയില്‍ ഗൗരവമുള്ള ആരോപണങ്ങളാണ് ഡോ സൗമ്യ സരിന്‍ ഉന്നയിച്ചത്.
തന്റെ യുകെ യാത്രയ്ക്കായി തയ്യാറെടുക്കുന്ന സമയം ഉണ്ടായ മോശം അനുഭവം ലൈവ് വീഡിയോയിലൂടെ പങ്കുവച്ചത് ചര്‍ച്ചയായി.സാധാരണ ട്രിപ്പ് പോകുമ്പോള്‍ വിശ്വസനീയ ഏജന്‍സികള്‍ വഴിയാണ് യാത്ര പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ പതിവിന് വിപരീതമായി യുകെ യാത്രയില്‍ സ്വന്തമായി ടിക്കറ്റുകളും റൂമുകളും ബുക്ക് ചെയ്യാനും യാത്ര ചെയ്യാനുമാണ് ഡോക്ടര്‍ പ്ലാന്‍ ചെയ്തത്. ഇതിന്റെ ഭാഗമായാണ് ബര്‍മ്മിങ്ഹാമില്‍ നിന്നുള്ള ഒരു മലയാളി അവരുടെ ഏതോ സുഹൃത്തിന്റെ പരിചയത്തിന്റെ പേരില്‍ രംഗപ്രവേശനം ചെയ്തത്. അദ്ദേഹം സൗമ്യയ്ക്ക് വേണ്ടി എയര്‍ടിക്കറ്റ് ബുക്ക് ചെയ്യുകയും വിശ്വാസം ആര്‍ജിക്കുകയും ചെയ്തു.
എന്നാല്‍ ചതി സംഭവിക്കുകയായിരുന്നു. റൂമുകളും ടിക്കറ്റുകളും എടുക്കാനായി നല്ലൊരു തുക കൈക്കലാക്കിയതായി ഡോ സൗമ്യ പറയുന്നു. ലണ്ടനില്‍ ബുക്ക് ചെയ്ത റൂമിന്റെ റേറ്റ് കൂടുതലായതിനാല്‍ ക്യാന്‍സല്‍ ചെയ്ത് കുറച്ചുകൂടി കുറഞ്ഞ റേറ്റില്‍ റൂം ബുക്ക് ചെയ്യാന്‍ പറഞ്ഞതോടെയാണ് പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത ബര്‍മ്മിങ്ഹാമില്‍ താമസിക്കുന്ന മലയാളിയുടെ തനി സ്വഭാവം പുറത്തുവന്നത്. ബുക്കിങ് ക്യാന്‍സല്‍ ചെയ്താല്‍ അടച്ച പണം നഷ്ടപ്പെടുമെന്ന് അയാള്‍ ഭീഷണിപ്പെടുത്തി. എന്നാല്‍ അയാള്‍ പണമടയ്ക്കാതെയാണ് ബുക്ക് ചെയ്തത് എന്നു വ്യക്തമായിരുന്നു. അതുമാത്രമല്ല 24 മണിക്കൂറിന് മുമ്പ് ഏതു സമയവും ബുക്കിങ് ക്യാന്‍സല്‍ ചെയ്യാനുള്ള സ്വാതന്ത്ര്യം കസ്റ്റമറിന് നല്‍കുന്ന ആപ്പ് വഴിയാണ് അയാള്‍ ബുക്ക് ചെയ്തിരുന്നത്.
റൂമിനായി മാത്രമല്ല കാര്‍ റെന്റ് എടുക്കാനും നല്ലൊരു തുക കൈക്കലാക്കി. ഡ്രൈവ് ചെയ്ത് തന്റെ കുടുംബത്തിനൊപ്പം യുകെ ആകെ യാത്ര ചെയ്യാമെന്ന വാഗ്ദാനവും ഈ വ്യക്തി നല്‍കി. തങ്ങള്‍ അയച്ച പണം തിരിച്ചു ചോദിച്ചതോടെയാണ് ഇയാളുടെ വഞ്ചന വ്യക്തമായതെന്ന് ഡോ സൗമ്യ പറഞ്ഞു.
യുകെ പോലുള്ള അന്യ നാടുകള്‍ സന്ദര്‍ശിക്കുമ്പോള്‍ അടുത്തു പരിചയമില്ലാത്തവരെ അമിതമായി ആശ്രയിക്കരുതെന്നാണ് സൗമ്യ തന്റെ വീഡിയോയിലൂടെ നല്‍കുന്ന സന്ദേശം. ഏതെങ്കിലും രീതിയില്‍ പണം അയച്ചു കൊടുത്ത് ബുക്ക് ചെയ്യുന്ന സാഹചര്യം വന്നാല്‍ സ്വന്തം പേരില്‍ തങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് തന്നെ ബുക്ക് ചെയ്യണമെന്ന് ഡോ സൗമ്യ പറഞ്ഞു.
ബര്‍മിങ്ഹാം മലയാളി എത്ര രൂപയാണ് കബളിപ്പിച്ചതെന്ന് ഡോ സൗമ്യ വീഡിയോയില്‍ വെളിപ്പെടുത്തിയിട്ടില്ല. നിയമ നടപടിയുമായി മുന്നോട്ട് പോകുന്നത് കൊണ്ടാണ് കൂടുതല്‍ വെളിപ്പെടുത്താത്തതെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു.