യുകെയിലെ പുരോഗമന കലാസാംസ്‌കാരിക സംഘടനയായ സമീക്ഷ യുകെ യുടെ നോര്‍ത്തേണ്‍ അയര്‍ലണ്ട് ഏരിയകമ്മറ്റി സംഘടിപ്പിക്കുന്ന 'കേരളീയം കോഫി ഫെസ്റ്റ്' മാര്‍ച്ച് അവസാന വാരം നടക്കും. ഇതിനു മുന്നോടിയായി സാംസ്‌കാരിക വൈവിധ്യം എന്ന വിഷയത്തില്‍ സാംസ്‌കാരിക സെമിനാര്‍ ലിസ്ബണില്‍ നടന്നു. മണ്‍മറഞ്ഞുപോയ കലാകാരനും അതുല്യ പ്രതിഭയുമായ ഭാവഗായകന്‍ പി. ജയചന്ദ്രന്റെ ദീപ്തസ്മരണയില്‍ കലാകാരനോടുള്ള
ആദരസൂചകമായി അദ്ദേഹത്തിന്റെ തന്നെ ഗാനങ്ങള്‍ ഉള്‍പ്പെടുത്തി ഗാനാഞ്ജലി സെമിനാറിന്റെ ഭാഗമായി അവതരിപ്പിച്ചു.
സമീക്ഷ യുകെ നാഷണല്‍ സെക്രട്ടറിയേറ്റ് അംഗം ബൈജു നാരായണന്‍ സെമിനാര്‍ ഉത്ഘാടനം ചെയ്തു. നോര്‍ത്തേണ്‍ അയര്‍ലണ്ട് ഏരിയ ജോ. സെക്രട്ടറി രഞ്ചു രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഏരിയ സെക്രട്ടറി ആതിര രാമകൃഷ്ണന്‍ സ്വാഗതവും ദേശീയ സമിതിയംഗം ജോബി പെരിയാടാന്‍ ആശംസയും ബെല്‍ഫാസ്റ്റ് യൂണിറ്റ് പ്രസിഡന്റ് പ്രദീപ് വാസുദേവന്‍ നന്ദിയും പറഞ്ഞു.
ലോകകേരള സഭാംഗം ജയപ്രകാശ് സാംസ്‌കാരിക വൈവിധ്യം എന്ന വിഷയത്തില്‍ സെമിനാറിന്റെ ഭാഗമായി പവര്‍ പോയിന്റ് പ്രസന്റേഷനും സംവാദാത്മക സെഷനും സംഘടിപ്പിച്ചു. ബെല്‍ഫാസ്‌റ്, ലിസ്ബണ്‍, ലണ്ടന്‍ഡെറി, ബാലീമിന എന്നിവിടങ്ങളില്‍ നിന്നുമെത്തിയ പ്രതിനിധികള്‍ തുടര്‍ന്ന് നടന്ന അര്‍ത്ഥ പൂര്‍ണ്ണമായ ചര്‍ച്ചയില്‍ ആവേശത്തോടെ പങ്കെടുത്തു. സെമിനാറില്‍ ഉയര്‍ന്നുവന്ന ആശയങ്ങളും അഭിപ്രായങ്ങളുമടങ്ങുന്ന റിപ്പോര്‍ട്ട് മാര്‍ച്ച് അവസാനം സംഘടിപ്പിക്കുന്ന 'കേരളീയം കോഫി ഫെസ്റ്റ്' ന്റെ പ്രചരണാര്‍ത്ഥം നോര്‍ത്തേണ്‍ അയര്‍ലണ്ട് മലയാളി സമൂഹത്തില്‍ ഒരു ക്യാമ്പയിന്‍ ആയി പ്രചരിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.