യെമനിലെ ഹൂതികളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചെങ്കടലില്‍ യുഎസ് എയര്‍ക്രാഫ്റ്റുകള്‍ക്കെതിരെ ഹൂതികള്‍ നിരന്തര ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രഖ്യാപനം. അമേരിക്കന്‍ പ്രസിഡന്റ് ആയി അധികാരത്തിലേറിയ ട്രംപിന്റെ പ്രഖ്യാപനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നുകൂടിയാണിത്.
പശ്ചിമേഷ്യയിലെ അമേരിക്കന്‍ ഉദ്യേഗസ്ഥര്‍ക്കും സമുദ്രവ്യാപാരത്തിനും ഭീഷണിയെന്നും യെമന്‍, സൗദി, യുഎഇ എന്നിവിടങ്ങളിലെ ആക്രമണങ്ങള്‍ക്ക് കാരണം ഹൂതികളെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഉത്തരവിറക്കിയിരിക്കുന്നത്. ഹൂതി വിമതസൈന്യത്തെ വിദേശ ഭീകര സംഘടനയായായാണ് പ്രഖ്യാപിച്ചത്. ഇക്കഴിഞ്ഞ ദിവസമാണ് ചെങ്കടലില്‍ അടക്കം സൈനിക സാന്നിധ്യം വര്‍ദ്ധിപ്പിക്കുമെന്ന് ട്രംപ് പ്രഖ്യാപനം നടത്തിയത്.
2020ല്‍ ഇത്തരത്തില്‍ ഹൂതി വിമതരെ ഭീകര സംഘടനയായി പ്രഖ്യാപിച്ച ട്രംപിന്റെ തീരുമാനം ബൈഡന്‍ വന്നതോടെ എടുത്തുകളഞ്ഞിരുന്നു. യെമനിലെ നിരവധി പ്രദേശങ്ങളുടെ നിയന്ത്രണം ഹൂതി വിമതരുടെ കൈവശമാണ്. ഇവരുമായി സ്ഥിരം ആശയവിനിമയം നടത്തേണ്ടിവരുമെന്നതിനാല്‍ ഹൂതികളെ ഭീകരസംഘടനകളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നുള്ള മനുഷ്യാവകാശ സംഘടനകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ബൈഡന്‍ ഇവരെ ഭീകരപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്.
അതേസമയം ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ചെങ്കടലിലൂടെ എത്തുന്ന കപ്പലുകള്‍ ആക്രമിക്കുന്നതു നിര്‍ത്തുമെന്ന് ഹൂതി വിമതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇസ്രേലി കപ്പലുകളെ തങ്ങള്‍ വീണ്ടും ആക്രമിക്കുമെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. വെടിനിര്‍ത്തലിന്റെ മൂന്നാം ഘട്ടം പ്രാബല്യത്തില്‍ വരുന്നതുവരെ ഇസ്രേലി കപ്പലുകളെ ആക്രമിക്കുമെന്നും ഹൂതികള്‍ അറിയിച്ചിരുന്നു.
അമേരിക്ക, ബ്രിട്ടന്‍ എന്നിവടങ്ങളിലെ വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ ഉടമസ്ഥതയിലുള്ള കപ്പലുകള്‍ക്കും അവരുടെ പതാകകള്‍ക്ക് കീഴില്‍ സഞ്ചരിക്കുന്ന കപ്പലുകള്‍ക്കുമെതിരായ സമുദ്ര ഉപരോധം നിര്‍ത്തുമെന്നും സെന്റര്‍ ഷിപ്പിംഗ് കമ്പനികള്‍ക്ക് അയച്ച ഇമെയിലില്‍ ഹൂതികള്‍ വ്യക്തമാക്കി. ഗാസ വെടിനിര്‍ത്തല്‍ പൂര്‍ണ്ണമായി നടപ്പാക്കിയില്ലെങ്കില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെ വിശാലമായ ആക്രമണം പുനരാരംഭിക്കും. അമേരിക്കയോ, ബ്രിട്ടനോ, ഇസ്രയേലോ യെമനെതിരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണം നടത്തിയാല്‍ ഉപരോധം പുനഃസ്ഥാപിക്കുമെന്നും മിലിഷ്യ അറിയിച്ചു. അത്തരം നടപടികള്‍ മുന്‍കൂട്ടി ഷിപ്പിംഗ് കമ്പനികളെ അറിയിക്കും.