വെടി നിര്‍ത്തലിന് ശേഷവും ഇസ്രായേലിന് 2,000 പൗണ്ട് ബോംബുകള്‍ നല്‍കാന്‍ ട്രംപിന്റെ തീരുമാനം. ബോംബുകള്‍ നല്‍കാന്‍ മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ഒഴിവാക്കാന്‍ ട്രംപ് യുഎസ് സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയതായി വൈറ്റ് ഹൗസ് വ്യക്തമാക്കി.
ഗാസയിലെ കൂട്ടക്കൊലയില്‍ ആശങ്കപ്പെട്ടാണ് ബൈഡന്‍ നേരത്തെ ബോംബ് വിതരണം തടഞ്ഞത്.
ഇസ്രായേല്‍ ഓര്‍ഡര്‍ ചെയ്തതും പണം നല്‍കിയതും എന്നാല്‍ ബൈഡന്‍ അയച്ചിട്ടില്ലാത്തതുമായ ഒരുപാട് കാര്യങ്ങള്‍ ഇപ്പോള്‍ ചെയ്യേണ്ടതായിട്ടുണ്ടെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ പറഞ്ഞു. ഒരാഴ്ച മുമ്പാണ് വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നത്. ഇസ്രായേല്‍ തടവിലാക്കിയ ഫലസ്തീന്‍ തടവുകാര്‍ക്ക് പകരമായി ഹമാസ് ഗാസയില്‍ ബന്ദികളാക്കിയവരെ മോചിപ്പിക്കാന്‍ തുടങ്ങിയിരുന്നു.
ജനുവരി 20 ന് തന്റെ സ്ഥാനാരോഹണത്തിന് മുമ്പ്, ഗാസയില്‍ ഹമാസ് ബന്ദികളാക്കിയവരെ വിട്ടയച്ചില്ലെങ്കില്‍ കടുത്ത നടപടി ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. 2023 ഒക്ടോബര്‍ 7-ന് ഇസ്രയേലിനെതിരായ ആക്രമണത്തിനിടെ ഹമാസ് 250 ഓളം പേരെ ബന്ദികളാക്കി. ഹമാസ് ആക്രമണത്തില്‍ ഏകദേശം 1,200 പേര്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന്, ഗാസയില്‍ ഇസ്രായേല്‍ നടത്തിയ സൈനിക ആക്രമണത്തില്‍ 47,000-ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.