പ്രതികാര നടപടിയുമായി ട്രംപ് ; തനിക്കെതിരായ കേസുകളിലെ പ്രോസിക്യൂട്ടര്‍മാരെ കൂട്ടമായി പിരിച്ചുവിട്ടു
തനിക്കെതിരെ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ അധികാരത്തിലെത്തിയതിന് പിന്നാലെ പ്രതികാര നടപടിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തനിക്കെതിരായ കേസുകളില്‍ പങ്കാളികളായ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാരെ കൂട്ടപ്പിരിച്ചുവിടല്‍ നടത്തിയാണ് ട്രംപിന്റെ പ്രതികാരം. പ്രോസിക്യൂട്ടര്‍മാരുള്‍പ്പെടെ പിരിച്ചുവിട്ടവരില്‍പെടും. രാജിവെച്ച സ്‌പെഷ്യല്‍ കൗണ്‍സില്‍ ജാക്ക് സ്മിത്തിന്റെ ടീമിലുണ്ടായിരുന്നവരെയാണ് പിരിച്ചുവിട്ടത്.
കഴിഞ്ഞ ദിവസം 12 ഫെഡറല്‍ ഇന്‍സ്പെക്ടര്‍ ജനറല്‍മാരുടെ സമിതികളെ ട്രംപ് ഒറ്റയടിക്ക് പിരിച്ചുവിട്ടിരുന്നു. ഭരണനിര്‍വ്വഹണത്തിലെ ശുദ്ധികലശത്തിന്റെ ഭാഗമായാണ് പിരിച്ചുവിടല്‍. താന്‍ തീരുമാനങ്ങള്‍ നടപ്പിലാക്കി തുടങ്ങിയിട്ടേയുളളുവെന്ന് ട്രംപ് പറഞ്ഞിരുന്നു. ബൈഡന്റെ കാലത്ത് ചെയ്തുകാണിക്കാന്‍ പറ്റാത്താത് താന്‍ ഒരാഴ്ച കൊണ്ട് നടപ്പിലാക്കിയെന്നും പിരിച്ചുവിടലിന് പിന്നാലെ ട്രംപ് വ്യക്തമാക്കി. എന്നാല്‍ ട്രംപിന്റെ പെട്ടെന്നുളള പിരിച്ചുവിടല്‍ ഉദ്യോഗസ്ഥരുടെ രോഷത്തിനും നിയമപരമായ വെല്ലുവിളികള്‍ക്കും കാരണമായിട്ടുണ്ട്.
ഇത്തരത്തിലുളള പിരിച്ചുവിടലുകള്‍ക്ക് 30 ദിവസത്തെ നോട്ടീസ് നല്‍കണമെന്നാണ് നിയമമെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി. ട്രംപിനെതിരെയുളള രണ്ട് ക്രിമിനല്‍ കേസുകളില്‍ അഭിഭാഷകനായിരുന്ന ജാക്ക് സ്മിത്ത് ജനുവരി 12 ന് രാജിവെച്ചിരുന്നു. ജോ ബൈഡന്റെ കാലാവധി തീരും മുമ്പ് ജാക്ക് സ്മിത്ത് രാജിവെക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. തനിക്ക് എതിരെയുളള കേസുകള്‍ കൈകാര്യം ചെയ്തതിനെ സ്മിത്തിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ജാക്ക് സ്മിത്ത് രാജിവെച്ചൊഴിഞ്ഞത്.