കാനഡയുടെ തെരഞ്ഞെടുപ്പുകളില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഇടപെട്ടുവെന്ന കനേഡിയന്‍ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ നിരന്തരം ഇടപെടുന്നത് കാനഡയാണ് എന്നും വിദേശകാര്യ മന്ത്രാലയം (എംഇഎ) പറഞ്ഞു. ഇത് മൂലം കാനഡയില്‍ നിയമവിരുദ്ധ കുടിയേറ്റങ്ങളും ഇന്ത്യക്കെതിരെ സംഘടിത കുറ്റകൃത്യങ്ങളും ഉണ്ടായതായും വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.
'കാനഡയുടെ തെരഞ്ഞെടുപ്പുകളില്‍ ഇന്ത്യയുടെ ഇടപെടല്‍ ആരോപിക്കപ്പെടുന്ന ഒരു റിപ്പോര്‍ട്ട് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. വാസ്തവത്തില്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ നിരന്തരം ഇടപെടുന്നത് കാനഡയാണ്. ഇത് നിയമവിരുദ്ധ കുടിയേറ്റത്തിനും സംഘടിത കുറ്റകൃത്യങ്ങള്‍ക്കുമുള്ള ഒരു അന്തരീക്ഷം സൃഷ്ടിച്ചു. ഇന്ത്യയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ഞങ്ങള്‍ നിരസിക്കുന്നു. നിയമവിരുദ്ധ കുടിയേറ്റം സാധ്യമാക്കുന്ന പിന്തുണാ സംവിധാനം ഇനി അംഗീകരിക്കപ്പെടില്ലെന്ന് പ്രതീക്ഷിക്കുന്നു.'- എംഇഎ പ്രസ്താവനയില്‍ പറയുന്നു.
കാനഡയുടെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപെടുന്നതില്‍ ചൈനയ്ക്ക് ശേഷം ഇന്ത്യ സജീവമായിരുന്നു എന്നാണ് കനേഡിയന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട്. പിആര്‍സി പോലെ ലോക വേദിയില്‍ ഇന്ത്യ ഒരു നിര്‍ണായക ഘടകമാണ്. കാനഡയും ഇന്ത്യയും പതിറ്റാണ്ടുകളായി ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ ബന്ധത്തില്‍ വെല്ലുവിളികളുണ്ട്. ഇവയില്‍ പലതും വളരെക്കാലമായി നിലനില്‍ക്കുന്നതും ഇന്ത്യയുടെ വിദേശ ഇടപെടലുകളെ സൂചിപ്പിക്കുന്നതുമാണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പുറത്താക്കിയ ഇന്ത്യയുടെ ആറ് നയതന്ത്രജ്ഞര്‍ ഏജന്റുമാര്‍ ആണ് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇവര്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ അക്രമ പ്രചാരണത്തിന്റെ ഭാഗമാണെന്ന് തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് പുറത്താക്കിയതെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. അതേസമയം ആരോപണങ്ങളൊക്കെയും ഇന്ത്യ അന്നുതന്നെ നിഷേധിച്ചിരുന്നു.
ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതായും കാനഡയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ കൊലപാതകത്തില്‍ വിദേശ രാജ്യങ്ങളുടെ ഇടപെടലുണ്ടെന്ന് കണ്ടെത്താന്‍ കാനഡയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും ഇതേ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഖലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കനേഡിയന്‍ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ ഇന്ത്യ ശക്തമായി നിരാകരിച്ചിരുന്നു. ഇത്തരം ആരോപണങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്ന് എംഇഎ പ്രതികരിച്ചു. ഇത്തരത്തിലുള്ള അപവാദ പ്രചാരണങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കുകയേ ഉള്ളൂ എന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.