ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിലെ ഇന്ത്യന്‍ പങ്കിന് തെളിവില്ല; ആരോപണം തള്ളി കാനഡ കമ്മിഷന്‍ റിപ്പോര്‍ട്ട്
ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന കാനഡ മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണം തള്ളി കാനഡ കമ്മിഷന്‍ റിപ്പോര്‍ട്ട്. 2023 ജൂണില്‍ ബ്രിട്ടീഷ് കൊളംബിയയില്‍ നടന്ന നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്നും തെളിവുകള്‍ കാനഡയുടെ പക്കലുണ്ടെന്നും ട്രൂഡോ പറഞ്ഞിരുന്നു. സംഭവം വിവാദമാതോടെ കാനഡ പ്രസ്താവന നിഷേധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ 123 പേജുള്ള കാനഡ കമ്മിഷന്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വന്നിരിക്കുന്നത്.
ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ പങ്ക് സംശയിക്കുന്നതിനെക്കുറിച്ച് യാതൊരു തെളിവും ഇല്ലെന്ന് കാനഡ കമ്മിഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കൊലപാതകം ഉള്‍പ്പെടെ കാനഡയിലെ ഏതെങ്കിലും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുമായി ഇന്ത്യന്‍ സര്‍ക്കാരിനെയോ ഉന്നത ഉദ്യോഗസ്ഥരെയോ ബന്ധിപ്പിക്കുന്ന തെളിവുകളില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.
നിജ്ജാറിന്റെ കൊലപാതകവുമായി ഇന്ത്യന്‍ സര്‍ക്കാര്‍ ഏജന്റുമാരെ ബന്ധിപ്പിക്കുന്ന വിശ്വസനീയമായ ഇന്റലിജന്‍സ് വിവരങ്ങള്‍ ഉണ്ടെന്ന് ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചതിനെ തുടര്‍ന്ന് ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം മോശമായിരുന്നു. ഈ അവകാശവാദങ്ങള്‍ അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവും അസംബന്ധവുമാണെന്നാണ് ഇന്ത്യ പ്രതികരിച്ചത്.