ആയിരം രൂപ ഫീസ് അടയ്ക്കാത്തതിനാല്‍ അഞ്ച് വയസുകാരനെ നാല് മണിക്കൂറോളം തടഞ്ഞുവെച്ച സ്‌കൂള്‍ പ്രിന്‍സിപ്പലിനും കോ-ഓര്‍ഡിനേറ്ററിനുമെതിരെ കേസ്. മുംബൈയിലെ ഓര്‍ക്കിഡ് ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് സംഭവം. കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് സെക്ഷന്‍ 75 പ്രകാരം പ്രിന്‍സിപ്പല്‍ വൈശാലി സോളാനിക്കും കോ-ഓര്‍ഡിനേറ്റര്‍ ദീപ്തിക്കുമെതിരെ വ്യാഴാഴ്ച എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
''സ്‌കൂള്‍ സമയം കഴിഞ്ഞ് മകനെ കൂട്ടാന്‍ ചെന്നപ്പോള്‍ മറ്റ് കുട്ടികള്‍ക്കൊപ്പം കണ്ടില്ല. ക്ലാസ് ടീച്ചറോട് ചോദിച്ചപ്പോള്‍ മാനേജ്‌മെന്റിനോട് സംസാരിക്കാന്‍ നിര്‍ദേശിച്ചു. ഫീസ് മുഴുവന്‍ അടയ്ക്കാത്തവരെ ഡേ-കെയറില്‍ ഇരുത്തുകയാണ് രീതിയെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. തുടര്‍ന്ന് ആയിരം രൂപ ഉടന്‍ അടച്ചു. സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ കാണിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ തയാറായില്ല. അതോടെ സ്ഥലം എംഎല്‍എ മന്ദാ മാത്രയെ വിവരം അറിയിച്ചു. അവര്‍ പൊലീസില്‍ പരാതി നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു'', കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.
28-ന് രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ മകനെ ക്ലാസില്‍ കയറ്റാതെ ഡേ-കെയര്‍ മുറിയില്‍ ഇരുത്തിയെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും പരാതിക്കാരന്‍ പറഞ്ഞു. പ്രിന്‍സിപ്പലിനെ പിരിച്ചുവിടുമെന്ന് സ്‌കൂള്‍ സോണല്‍ ഹെഡ് ശ്രിയ ഷാ ഉറപ്പ് നല്‍കിയെങ്കിലും പിന്നീട് നടപടി ഉണ്ടായില്ലെന്നും പിതാവ് പറഞ്ഞു.