ആരാധകര്‍ക്ക് ചില സമയത്ത് ഭ്രാന്താണ്, ഞങ്ങള്‍ മാന്യന്മാര്‍; ചുംബന വീഡിയോ വിവാദത്തില്‍ ഉദിത് നാരായണ്‍

ആരാധകര്‍ക്ക് ചില സമയത്ത് ഭ്രാന്താണ്, ഞങ്ങള്‍ മാന്യന്മാര്‍; ചുംബന വീഡിയോ വിവാദത്തില്‍ ഉദിത് നാരായണ്‍
ലൈവ് മ്യൂസിക് ഷോയ്ക്കിടെ സ്ത്രീകളെ ചുംബിക്കുന്ന ഗായകന്‍ ഉദിത് നാരായണിന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. സെല്‍ഫി എടുക്കാനായെത്തിയ സ്ത്രീകളെ പിടിച്ച് ചുംബിക്കുന്ന ഉദിത് നാരായണന്റെ വീഡിയോയാണ് വിവാദങ്ങള്‍ക്ക് ഇടയാക്കിയത്. എന്നാല്‍ സംഭവത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഗായകന്‍.

ആരാധകര്‍ സ്‌നേഹം കൊണ്ട് ഉന്മാദികളെ പോലെ പെരുമാറുമെന്നും അതിനെ സോഷ്യല്‍ മീഡിയ അനാവശ്യമായി വിവാദമാക്കുകയാണ് എന്നും ഉദിത് നാരായണ്‍ ആരോപിച്ചു. ഞങ്ങള്‍ മാന്യരായ ആളുകളാണ് എന്നും ഗായകന്‍ പറഞ്ഞു. ഈ കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതില്ല എന്നും ഉദിത് നാരായണ്‍ പറഞ്ഞു.

'ആരാധകര്‍ക്ക് ചില സമയത്ത് ഭ്രാന്താണ്. ഞങ്ങള്‍ അങ്ങനെയല്ല. ഞങ്ങള്‍ മാന്യരായ ആളുകളാണ്. ചിലര്‍ ഇതിനെ പ്രോത്സാഹിപ്പിക്കുകയും തങ്ങളുടെ സ്‌നേഹം ഇതിലൂടെ പ്രകടിപ്പിക്കുകയും ചെയ്യാറുണ്ട്. ആള്‍ക്കൂട്ടത്തില്‍ ധാരാളം ആളുകള്‍ ഉണ്ടാകാറുണ്ട്. ഞങ്ങള്‍ക്ക് അംഗരക്ഷകരുമുണ്ട്. എന്നാല്‍ തങ്ങള്‍ക്ക് കണ്ടുമുട്ടാന്‍ അവസരം ലഭിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്. അതുകൊണ്ട് ചിലര്‍ ഹസ്തദാനത്തിനായി കൈകള്‍ നീട്ടും, ചിലര്‍ കൈകള്‍ ചുബിക്കും... ഇതെല്ലാം ഭ്രാന്താണ്. നമ്മള്‍ ഇതൊന്നും ശ്രദ്ധിക്കേണ്ട' എന്നാണ് അദ്ദേഹം പറഞ്ഞത്.

ഗായകനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നടക്കുന്നത്. വേദിയില്‍ പാടുന്നതിനിടെയാണ് സ്ത്രീകള്‍ സെല്‍ഫി എടുക്കാനായി ഉദിത് നാരായണന് അടുത്തെത്തുന്നത്. സെല്‍ഫി എടുക്കാനെത്തിയ സ്ത്രീകള്‍ക്കെല്ലാം ഉദിത് നാരായണ്‍ ചുംബനം നല്‍കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സെല്‍ഫി എടുക്കാനെത്തിയ ഒരു സ്ത്രീ ഗായകനൊപ്പം ഫോട്ടോയെടുത്ത ശേഷം ചുംബനത്തിനും ആലിംഗനം ചെയ്യാനും ശ്രമിക്കുന്നതാണ് ദൃശ്യങ്ങളില്‍ ആദ്യമുള്ളത്. ഈ സ്ത്രീക്ക് ഗായകന്‍ കവിളില്‍ ചുംബനം നല്‍കി.

ഇതോടെ പിന്നാലെ ഫോട്ടോ എടുക്കാനെത്തിയ മറ്റ് സ്ത്രീകളെയെല്ലാം ഗായകന്‍ പിടിച്ച് ചുംബിക്കുകയായിരുന്നു. സ്ത്രീകള്‍ക്കൊപ്പം ഒരു പുരുഷനും ഗായകനൊപ്പം സെല്‍ഫി എടുക്കാന്‍ എത്തിയെങ്കിലും ഉദിത് നാരായണ്‍ ഇയാളെ ശ്രദ്ധിച്ചതേയില്ല. തുടര്‍ന്ന് മറ്റൊരു സ്ത്രീ കൂടി ഉദിതിനൊപ്പം സെല്‍ഫി പകര്‍ത്താന്‍ ശ്രമിച്ചു.

ഇവരെ ആദ്യം സുരക്ഷാ ഉദ്യോഗസ്ഥര്‍ വേദിക്ക് സമീപത്തേക്ക് കടത്തിവിട്ടില്ല. എന്നാല്‍, ഇവരെ തന്റെ അടുത്തേക്ക് കടത്തിവിടാന്‍ ആംഗ്യത്തിലൂടെ ഉദിത് നിര്‍ദേശിച്ചു. പിന്നാലെ വേദിക്ക് തൊട്ടരികിലെത്തിയ സ്ത്രീ സെല്‍ഫി പകര്‍ത്തുകയും ഗായകന്റെ കവിളില്‍ ചുംബനം നല്‍കാന്‍ ശ്രമിച്ചതോടെ, ഇവരുടെ ചുണ്ടുകളില്‍ ഉദിത് നാരായണ്‍ ചുംബിക്കുകയായിരുന്നു.

Other News in this category



4malayalees Recommends