'മിഹിറിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ ശിക്ഷിക്കപ്പെടണം, ദയയും സ്‌നേഹവും സഹാനുഭൂതിയുമൊക്കെ മാതാപിതാക്കള്‍ കുട്ടികളെ പഠിപ്പിക്കണം'; പ്രതികരിച്ച് രാഹുല്‍ ഗാന്ധി

'മിഹിറിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ ശിക്ഷിക്കപ്പെടണം, ദയയും സ്‌നേഹവും സഹാനുഭൂതിയുമൊക്കെ മാതാപിതാക്കള്‍ കുട്ടികളെ പഠിപ്പിക്കണം'; പ്രതികരിച്ച് രാഹുല്‍ ഗാന്ധി
എറണാകുളം തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളില്‍ റാഗിങ്ങിന് ഇരയായി ആത്മഹത്യ ചെയ്ത ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി മിഹിറിന്റെ മരണത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. മിഹിറിന് ഉണ്ടായ ദുരവസ്ഥ ഒരു കുട്ടിക്കും ഉണ്ടാകരുതെന്നും വിദ്യാര്‍ത്ഥിയുടെ മരണത്തിന് ഉത്തരവാദികളായവര്‍ ശിക്ഷിക്കപ്പെടണമെന്നും ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി സമൂഹ മാധ്യമമായ എക്‌സില്‍ കുറിപ്പിട്ടു.

മിഹിര്‍ അഹമ്മദിന്റെ കുടുംബത്തിനെ അദ്ദേഹം അനുശോചനം അറിയിച്ചു. 'ബുള്ളിയിങ് നിരുപദ്രവകരമായ ഒരു കാര്യമല്ല; അത് ജീവിതങ്ങളെ നശിപ്പിക്കുന്നു. ദയ, സ്‌നേഹം, സഹാനുഭൂതി, പ്രതികരിക്കാനുള്ള ധൈര്യം എന്നിവ മാതാപിതാക്കള്‍ പഠിപ്പിക്കണം. നിങ്ങളുടെ കുട്ടി ബുള്ളിയിങ് നേരിടുന്നുവെന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കുക, അതിന് വേണ്ട നടപടികള്‍ ചെയ്യുക. ഇനി നിങ്ങളുടെ കുട്ടികള്‍ ബുള്ളിയിങ് പ്രോത്സാഹിപ്പിക്കുന്നവരാണെങ്കില്‍ അതിലും ഇടപെടുക'- രാഹുല്‍ കുറിച്ചു.

അതേസമയം മിഹിറിന്റെ ആത്മഹത്യയില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ആത്മഹത്യയുമായി ബന്ധപ്പെട്ട് മിഹിര്‍ നേരത്തെ പഠിച്ച സ്‌കൂളിലെ ആരോപണ വിധേയനായ വൈസ് പ്രിന്‍സിപ്പലിനെ ജെംസ് മോഡേണ്‍ അക്കാദമി സസ്‌പെന്റ് ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ ബിനു അസീസിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. വൈസ് പ്രിന്‍സിപ്പാളിന്റെ ശിക്ഷാ നടപടികള്‍ മിഹിറിനെ മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നെന്ന് കുടുംബം പരാതി ഉന്നയിച്ച പശ്ചാത്തലത്തിലാണ് നടപടി.

വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട പരാതിയില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നേരിട്ട് അന്വേഷണം നടത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. നാളെ എറണാകുളം കളക്ടറേറ്റില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ സിറ്റിംഗ് നടത്തും. കുട്ടിയുടെ കുടുംബാംഗങ്ങളോടും സ്‌കൂള്‍ അധികൃതരോടും ഇന്ന് കളക്ട്രേറ്റില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Other News in this category



4malayalees Recommends