ഇന്ത്യക്കാരേയും നാടുകടത്തി ട്രംപ്; അനധികൃത കുടിയേറ്റക്കാരുമായി സി 7 വിമാനം രാജ്യത്തേക്ക് പുറപ്പെട്ടു

ഇന്ത്യക്കാരേയും നാടുകടത്തി ട്രംപ്; അനധികൃത കുടിയേറ്റക്കാരുമായി സി 7 വിമാനം രാജ്യത്തേക്ക് പുറപ്പെട്ടു
അമേരിക്കയില്‍ നിന്ന് ഇന്ത്യന്‍ അനധികൃത കുടിയേറ്റക്കാരുമായി സൈനിക വിമാനം പുറപ്പെട്ടെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ സൈന്യത്തിന്റെ സി 17 വിമാനത്തിലാണ് ഇവരെ ഇന്ത്യയിലേക്ക് അയച്ചതെന്നാണ് വിവരം. അനധികൃത കുടിയേറ്റക്കാരെന്ന് ട്രംപ് ഭരണകൂടം കണ്ടെത്തിയ ഇന്ത്യക്കാരില്‍ ആദ്യ സംഘത്തെ തിങ്കളാഴ്ച സൈനിക വിമാനത്തില്‍ തിരിച്ചയച്ചതായി റോയിട്ടേഴ്സിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം സി-17 സൈനിക വിമാനം അനധികൃത കുടിയേറ്റക്കാരുമായി പുറപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുണ്ടെങ്കിലും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വിമാനം ഇന്ത്യയിലെത്തിച്ചേര്‍ന്നിട്ടില്ല. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിനാണ് ട്രംപ് ഭരണകൂടം തയാറെടുക്കുന്നത്. അമേരിക്ക തയാറാക്കിയിട്ടുള്ള അനധികൃത കുടിയേറ്റക്കാരുടെ പ്രാഥമിക പട്ടികയില്‍ 18,000 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മൊത്തം 15 ലക്ഷം പേരാണ് പട്ടികയിലുള്ളത്. എന്നാല്‍, 7.25 ലക്ഷം ഇന്ത്യക്കാര്‍ അനധികൃതമായി അമേരിക്കയില്‍ താമസിക്കുന്നുണ്ടെന്നാണ് സൂചനകള്‍. അമേരിക്കയിലെ അനധികൃതമായി കുടിയേറി പാര്‍ത്തവരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. യുഎസില്‍ നിന്നും ഇന്ത്യയിലേക്ക് നാടുകടത്തുന്നവരുടെ കൃത്യമായ എണ്ണം ഇതുവരെയും ലഭ്യമായിട്ടില്ലെന്നും ആ വിവരങ്ങള്‍ പരിശോധിച്ച് വരികയാണെന്നുമാണ് വിദേശകാര്യ മന്ത്രി എസ്ജ യശങ്കര്‍ മുമ്പ് പറഞ്ഞത്.

ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് അനധികൃതമായി കുടിയേറിയ ആളുകളുമായുള്ള വിമാനം ഇതിനോടകം തന്നെ പുറപ്പെട്ടുകഴിഞ്ഞു. അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്ന നടപടി സുഗമമാക്കുന്നതിനായി ട്രംപ് ഭരണകൂടം യുഎസ് സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്. കുടിയേറ്റക്കാരെ നാടുകടത്താന്‍ സൈനിക വിമാനങ്ങള്‍ അയയ്ക്കുകയും അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കാന്‍ സൈനിക താവളങ്ങള്‍ തുറക്കുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Other News in this category



4malayalees Recommends