'മിഹിര്‍ സ്ഥിരം പ്രശ്‌നക്കാരന്‍, റാഗിങ്ങുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ തെളിവില്ല'; ന്യായീകരിച്ച് ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ അധികൃതര്‍

'മിഹിര്‍ സ്ഥിരം പ്രശ്‌നക്കാരന്‍, റാഗിങ്ങുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ തെളിവില്ല'; ന്യായീകരിച്ച് ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ അധികൃതര്‍
എറണാകുളം തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളില്‍ റാഗിങ്ങിന് ഇരയായി ആത്മഹത്യാ ചെയ്ത ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിക്കെതിരെ വാര്‍ത്താക്കുറിപ്പ് ഇറക്കി ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ അധികൃതര്‍. മിഹിര്‍ സ്ഥിരം പ്രശ്‌നക്കാരനാണെന്നാണ് വാര്‍ത്താകുറിപ്പില്‍ പറയുന്നത്. റാഗിങ്ങുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ തെളിവില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

മിഹിറിന് മുന്‍പ് പഠിച്ച സ്‌കൂളില്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചതിന് ടി സി നല്‍കിയിരുന്നുവെന്നാണ് ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ അധികൃതരുടെ വാര്‍ത്തക്കുറിപ്പില്‍ പറയുന്നത്. കൂട്ടുകാരുമായി ചേര്‍ന്ന് ഒരാളെ മര്‍ദ്ദിക്കുകയും ചെയ്തുവെന്നും സ്‌കൂള്‍ അധികൃതര്‍ പറയുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ ഉന്നയിച്ച പരാതിയില്‍ തെളിവുകള്‍ ഇല്ല. ആരോപണ വിധേയരിയ കുട്ടികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തെളിവില്ലെന്നും ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ അധികൃതര്‍ വിശദീകരിക്കുന്നു.

അതേസമയം അതി ക്രൂരമായ റാഗിംഗിന് ഇരയായാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന വാര്‍ത്തകളും പുറത്ത് വന്നായിരുന്നു. മിഹിറിന്റെ അമ്മയുടെ ഇന്‍സ്റ്റഗ്രാമില്‍ നിന്നും വന്ന പ്രസ് റിലീസ് വായിച്ച മലയാളികള്‍ ഒന്നടങ്കം ഞെട്ടിയിരുന്നു. ജനുവരി 15 നാണ് എറണാകുളം തിരുവാണിയൂരിലെ ഗ്ലോബല്‍ പബ്ലിക് സ്‌കൂളില്‍ പഠിച്ചിരുന്ന മിഹിര്‍ അഹമ്മദ് എന്ന വിദ്യാര്‍ത്ഥി തൃപ്പൂണിത്തുറയിലെ ചോയിസ് ടവറിന്റെ 26-ാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്.

ചോയിസ് ടവറില്‍ താമസിക്കുന്ന സരിന്‍- റജ്ന ദമ്പതികളുടെ മകനായിരുന്നു മിഹിര്‍. മിഹിറിന്റെ അമ്മ റജ്ന അവരുടെ ഇന്‍സ്റ്റാഗ്രാം അകൗണ്ടിലൂടെ ഇന്നലെയാണ് പ്രസ് റീലിസ് പോസ്റ്റ് ചെയ്തത്. തന്റെ മകന്‍ സ്‌കൂളില്‍ അതിക്രൂരമായ റാഗിംഗിന് ഇരയായെന്നും അവന്റെ ആത്മഹത്യക്ക് പിന്നിലെ കാരണം അതായിരുന്നുവെന്നും അവര്‍ വ്യക്തമാക്കുന്നു. മിഹിര്‍ മൂന്ന് മാസം മുമ്പ് പുതുതായി ചേര്‍ന്ന ഗ്ലോബല്‍ പബ്ലിക് സ്‌കൂളില്‍ വെച്ച് ഒരു പ്രത്യേക ഗ്യാങ് വിദ്യാര്‍ത്ഥികളാല്‍ അതി ക്രൂരമായി റാഗ് ചെയ്യപ്പെട്ടിരുന്നു.

മിഹിര്‍ ശക്തമായ മാനസിക ശാരീരിക പിഡനങ്ങള്‍ക്ക് വിധേയനായിരുന്നു, അവന്റെ ചില സഹപാഠികളോടും സുഹൃത്തുക്കളോടും സംസാരിച്ചതില്‍ നിന്നും ഞങ്ങള്‍ക്ക് ലഭ്യമായ ചില സോഷ്യല്‍ മീഡിയ ചാറ്റുകളുടെ അടിസ്ഥാനത്തിലും അത് വ്യക്തമായെന്നും വാട്‌സ്ആപ് ചാറ്റുകള്‍ ഉള്‍പ്പെടെ പങ്കുവെച്ചുള്ള മിഹിറിന്റെ അമ്മയുടെ പോസ്റ്റില്‍ പറഞ്ഞിരുന്നു.

അതേസമയം മിഹിറിന്റെ ആത്മഹത്യയില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ആത്മഹത്യയുമായി ബന്ധപ്പെട്ട് മിഹിര്‍ നേരത്തെ പഠിച്ച സ്‌കൂളിലെ ആരോപണ വിധേയനായ വൈസ് പ്രിന്‍സിപ്പലിനെ ജെംസ് മോഡേണ്‍ അക്കാദമി സസ്‌പെന്റ് ചെയ്തിരുന്നു. വൈസ് പ്രിന്‍സിപ്പല്‍ ബിനു അസീസിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. വൈസ് പ്രിന്‍സിപ്പാളിന്റെ ശിക്ഷാ നടപടികള്‍ മിഹിറിനെ മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നെന്ന് കുടുംബം പരാതി ഉന്നയിച്ച പശ്ചാത്തലത്തിലാണ് നടപടി.

Other News in this category



4malayalees Recommends