കോഴിക്കോട് മുക്കത്ത് പീഡനശ്രമം ചെറുത്ത് ഹോട്ടല്‍ ജീവനക്കാരി ഹോട്ടലില്‍ നിന്ന് ചാടിയ സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് കുടുംബം. യുവതി കെട്ടിടത്തില്‍നിന്ന് ചാടുന്നതിന് തൊട്ടുമുമ്പ് ഹോട്ടല്‍ ഉടമയും ജീവനക്കാരും ഉപദ്രവിക്കുന്നതാണ് വീഡിയോയിലുള്ളത്. യുവതി നിലവിളിക്കുന്നതും യുവതിയോട് ഒച്ചയുണ്ടാക്കരുത് എന്നുപറയുന്നതും വീഡിയോയില്‍ വ്യക്തമാണ്. യുവതി വിഡിയോ ഗെയിം കളിച്ചുകൊണ്ടിരുന്ന ഫോണിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ ഉണ്ടെന്ന് കുടുംബം പറയുന്നു.
യുവതി അലറിവിളിക്കുന്നതും തന്നെ ഒന്നും ചെയ്യല്ലേ എന്നു പറഞ്ഞ് നിലവിളിക്കുന്നതും വീഡിയോയിലുണ്ട്. 'എന്നെ വിട്, ഞാന്‍ വരാം' എന്നും യുവതി പറയുന്നുണ്ട്. 'പേടിക്കേണ്ട, അങ്കിളാണ്, ശബ്ദമുണ്ടാക്കരുത്, എന്റെ മാനം പോകും' എന്ന് ഹോട്ടല്‍ ഉടമ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഹോട്ടല്‍ ഉടമ ദേവദാസ്, ജീവനക്കാരായ സുരേഷ്, റിയാസ് എന്നിവര്‍ ഒളിവിലാണ്. ഇവര്‍ക്കായുള്ള അന്വേഷണം മുക്കം പൊലീസ് ഊര്‍ജിതമാക്കി.
ഇതിന് മുന്‍പും യുവതിയെ ഹോട്ടല്‍ ഉടമ പ്രലോഭിപ്പിച്ചിരുന്നു. അതിന്റെ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും യുവതിയുടെ ബന്ധുക്കള്‍ വ്യക്തമാക്കി. മുക്കത്തെ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരിയായ കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ യുവതിയാണ് അതിക്രമം നേരിട്ടത്. കേസില്‍ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും.
മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള യുവതിയുടെ മൊഴി മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തിയാവും മൊഴി രേഖപ്പെടുത്തുക. നട്ടെല്ലിനും ഇടുപ്പെലിനും പരുക്കേറ്റ യുവതിയുടെ നില ഗുരുതരമായി തുടരുകയാണ്. ശനിയാഴ്ചയാണ് യുവതിയുടെ താമസസ്ഥലത്ത് അതിക്രമിച്ചെത്തി ഹോട്ടല്‍ ഉടമ അടങ്ങുന്ന സംഘം യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.