രോഗമെന്നും മരിച്ചെന്നും വരെ വാര്‍ത്തകള്‍ ; വീണ്ടും കോടതിയെ സമീപിച്ച് ആരാധ്യ ബച്ചന്‍

രോഗമെന്നും മരിച്ചെന്നും വരെ വാര്‍ത്തകള്‍ ; വീണ്ടും കോടതിയെ സമീപിച്ച് ആരാധ്യ ബച്ചന്‍
തന്നെ കുറിച്ച് പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ ഗൂഗിളില്‍ നിന്നും വെബ്സൈറ്റുകളില്‍ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് ആരാധ്യ ബച്ചന്‍. ഐശ്വര്യ റായ്യുടെയും അഭിഷേക് ബച്ചന്റെയും മകളായ ആരാധ്യ നേരത്തെയും തന്നെ കുറിച്ചുള്ള വ്യാജ വാര്‍ത്തകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു.

തുടര്‍ന്ന് ഗൂഗിള്‍, ബോളീവുഡ് ടൈംസ് തുടങ്ങിയ വെബ്‌സൈറ്റുകളോട് ഇത്തരം ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചില വെബ്‌സൈറ്റുകള്‍ ഈ ഉത്തരവ് പാലിക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് ആരാധ്യ വീണ്ടും കോടതിയെ സമീപിച്ചിരിക്കുന്നത്.

കേസ് പരിഗണിച്ച കോടതി ഗൂഗിള്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് നോട്ടീസ് അയച്ചു. മാര്‍ച്ച് 17ന് കോടതി കേസ് പരിഗണിക്കും. 2023 ഏപ്രില്‍ 20ന് ആരാധ്യക്കെതിരായ തെറ്റായ വീഡിയോകള്‍ പിന്‍വലിക്കണമെന്ന് കോടതി യൂട്യൂബിനോടും ഉത്തരിവിട്ടിരുന്നു. ആരാധ്യ അസുഖ ബാധിതയായി ഗുരുതരാവസ്ഥയിലാണെന്നായിരുന്നു ഈ വീഡിയോകളുടെ ഉള്ളടക്കം.

ചില വീഡിയോകളില്‍ ആരാധ്യ മരണപ്പെട്ടതായും പറഞ്ഞിരുന്നു. അന്ന് വിഷയത്തിലിടപെട്ട കോടതി ഒരു വ്യക്തിക്ക് അയാള്‍ സെലിബ്രിറ്റിയാണെങ്കിലും അല്ലെങ്കിലും അന്തസോടെ ജീവിക്കാനുള്ള അവകാശമുണ്ടെന്നും വ്യക്തമാക്കിയിരുന്നു. വിധിയില്‍ തുടര്‍ നിയമനടപടി ആവശ്യപ്പെട്ടാണ് ആരാധ്യ ബച്ചന്‍ രണ്ടാമത്തെ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

Other News in this category



4malayalees Recommends