''തരാനുള്ള പൈസ പ്രൊഡ്യൂസര്‍ ബാക്കി താ, എന്നിട്ട് സംസാരിക്കാം'' ബേസില്‍ ടൊവിനോ കമന്റുകള്‍ ഏറ്റെടുത്ത് ആരാധകര്‍

''തരാനുള്ള പൈസ പ്രൊഡ്യൂസര്‍ ബാക്കി താ, എന്നിട്ട് സംസാരിക്കാം'' ബേസില്‍ ടൊവിനോ കമന്റുകള്‍ ഏറ്റെടുത്ത് ആരാധകര്‍
ടൊവിനോ തോമസിന്റെയും ബേസില്‍ ജോസഫിന്റെയും സോഷ്യല്‍ മീഡിയയിലുള്ള കമന്റുകളും മറുപടികളും എന്നും ശ്രദ്ധ നേടാറുണ്ട്. 'പൊന്‍മാന്‍' എന്ന പുതിയ സിനിമയുടെ വിജയത്തില്‍ ബേസിലിനെ അഭിനന്ദിച്ചു കൊണ്ടുള്ള ടൊവിനോയുടെ പോസ്റ്റ് ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇതിന് ബേസില്‍ നല്‍കിയ മറുപടിയും പിന്നാലെയുള്ള ടൊവിനോയുടെ പ്രതികരണമൊക്കെയാണ് ചര്‍ച്ചയാകുന്നത്.

''പൊന്‍മാന്റെ വിജയത്തില്‍ അഭിനന്ദനങ്ങള്‍, ഇനിയും കൂടുതല്‍ അംഗീകാരങ്ങള്‍ തേടിയെത്തട്ടെ. അടുത്ത പടത്തിനായി കട്ട വെയ്റ്റിങ്! അടുത്ത പടം വമ്പന്‍ ഹിറ്റ് അടിക്കട്ടെ ! കോടികള്‍ വാരട്ടെ'' എന്നായിരുന്നു ബേസിലിന്റെ ചിത്രം പങ്കുവച്ച് ടൊവിനോ കുറിച്ചത്. ബേസില്‍ ജോസഫ് നായകനായി എത്തുന്ന അടുത്ത ചിത്രം 'മരണമാസ്' നിര്‍മ്മിക്കുന്നത് ടൊവിനോയാണ്.


''തരാനുള്ള പൈസ പ്രൊഡ്യൂസര്‍ ബാക്കി താ, എന്നിട്ട് സംസാരിക്കാം'' എന്നായിരുന്നു ബേസിലിന്റെ കമന്റ്. ''സൗഹൃദത്തിന് വില പറയുന്നോടാ ഛെ ഛെ ഛെ'' എന്ന് ടൊവിനോയുടെ മറുപടിയും നല്‍കി. ഇതോടെ 'മരണമാസി'ല്‍ ബേസിലിനൊപ്പം പ്രധാന വേഷത്തിലെത്തുന്ന സിജു സണ്ണിയും സംഭവം ഏറ്റുപിടിച്ചു.


''അടുത്ത പടം കോടിക്കണക്കിന് കോടികള്‍ വാരണേ, ഞങ്ങളുടെ പ്രൊഡ്യൂസര്‍ ഒരു ലക്ഷപ്രഭു ആകണേ'' എന്നായിരുന്നു സിജുവിന്റെ കമന്റ്. ''ഇപ്പോള്‍ കോടീശ്വരനായ നല്ലവനായ ആ പ്രൊഡ്യൂസറെ ലക്ഷപ്രഭു ആക്കാനുള്ള പ്രചണ്ഡ സ്റ്റാറിന്റെ എല്ലാ ശ്രമങ്ങളും ഏത് വിധേനയും തടയുന്നതായിരിക്കും'' എന്നായിരുന്നു ടൊവിനോയുടെ മറുപടി.


രസകരമായ കമന്റും ഉരുളയ്ക്കുപ്പേരിപോലുള്ള ഈ മറുപടികളും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

Other News in this category



4malayalees Recommends