സൗദിയില്‍ മാരക മയക്കുമരുന്നുകള്‍ പിടികൂടി

സൗദിയില്‍ മാരക മയക്കുമരുന്നുകള്‍ പിടികൂടി
രാജ്യത്തേക്ക് വന്‍ തോതില്‍ കടത്താന്‍ ശ്രമിച്ച മാരക മയക്കുമരുന്നുകള്‍ സൗദി മയക്കുമരുന്ന് വിരുദ്ധ അതോറിറ്റി പിടികൂടി. 1.1 കോടി ആംഫെറ്റമിന്‍ ഗുളികകളാണ് ദമ്മാമിലെ അബ്ദുല്‍ അസീസ് തുറമുഖത്തു നിന്ന് അധികൃതര്‍ പിടികൂടിയത്. തുറമുഖത്ത് എത്തിയ ഭക്ഷ്യ വസ്തുക്കള്‍ക്കൊപ്പം ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്നുകള്‍ കണ്ടെടുത്തതെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ അറിയിച്ചു. സംഭവത്തില്‍ രണ്ടു പേരെ പിടികൂടിയിട്ടുണ്ട്.

ഒരാള്‍ സൗദി പൗരനും മറ്റേയാള്‍ ജോര്‍ദാനിയന്‍ പൗരത്വമുള്ളയാളുമാണ്.

സക്കാത്, നികുതി, കസ്റ്റംസ് അധികൃതരുമായി സഹകരിച്ചാണ് മയക്കുമരുന്ന് വേട്ട നടത്തിയതെന്ന് ജിഡിഎന്‍എ അധികൃതര്‍ അറിയിച്ചു. സൗദി അറേബ്യയില്‍ മയക്കുമരുന്ന് കടത്ത് വളരെ ഗുരുതരമായ കുറ്റമായാണ് കണക്കാക്കുന്നത്. 15 വര്‍ഷം വരെ തടവും 50 ചാട്ടവാറടിയും പിഴയും ലഭിക്കാമെന്നും വീണ്ടും കുറ്റം ആവര്‍ത്തിച്ചാല്‍ വധ ശിക്ഷ വരെയുണ്ടാകുമെന്നും ജിഡിഎന്‍എ അധികൃതര്‍ വ്യക്തമാക്കി.

Other News in this category



4malayalees Recommends