അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്ക് ഉപരോധം ഏര്‍പ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവ്. അമേരിക്കയെയും ഇസ്രയേലിനെയും ലക്ഷ്യമിട്ടുള്ള അന്വേഷണങ്ങള്‍ക്ക് പിന്നാലെയാണ് ട്രംപിന്റെ ഉപരോധ ഉത്തരവ്. രാജ്യാന്തര കോടതിക്കുള്ള സാമ്പത്തിക സഹായം അമേരിക്ക അവസാനിപ്പിക്കും.
രാജ്യാന്തര കോടതിയിലെ ഉദ്യോഗസ്ഥര്‍ക്ക് യുഎസിലും സഖ്യകക്ഷി രാജ്യങ്ങളിലും വീസ നിയന്ത്രണവും ഏര്‍പ്പെടുത്തും. കൂടാതെ, കോടതിയിലെ ഉദ്യോഗസ്ഥരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ആസ്തി മരവിപ്പിക്കാനും ഉത്തരവില്‍ പറയുന്നുണ്ട്. ചൊവാഴ്ച ട്രംപുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ നീക്കം.
ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിലൂടെ കോടതി അധികാര ദുര്‍വിനിയോഗം നടത്തിയെന്നാണ് ട്രംപിന്റെ ഉത്തരവില്‍ പറയുന്നത്. അമേരിക്കയെയും അടുത്ത സഖ്യകക്ഷിയായ ഇസ്രയേലിനെയും ലക്ഷ്യം വച്ചുള്ള നിയമവിരുദ്ധവും അടിസ്ഥാനരഹിതവുമായ നടപടികളില്‍ കോടതി ഏര്‍പ്പെട്ടിട്ടുണ്ടെന്നും ഉത്തരവില്‍ പറയുന്നു.
അമേരിക്ക, ചൈന, റഷ്യ, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങള്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ അംഗങ്ങളല്ല. കോടതി ജീവനക്കാര്‍ക്ക് വരാന്‍ പോകുന്ന സാമ്പത്തിക ബുദ്ധിമുട്ട് കണക്കിലെടുത്ത് മൂന്ന് മാസത്തെ ശമ്പളം അടക്കമുള്ളവ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി ഉപരോധം കണക്കിലെടുത്ത് നല്‍കിയതായാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.