അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ അമേരിക്ക തിരികെ നാട്ടിലെത്തിച്ചത് മനുഷ്യത്വരഹിതമായ രീതിയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. 'ഇന്ത്യന്‍ പൗരന്മാരോടുള്ള മനുഷ്യത്വരഹിതമായ പെരുമാറ്റത്തെയും സര്‍ക്കാരിന്റെ ദുര്‍ബലമായ നിലപാടിനെയും കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കുന്നു. ഇതില്‍ പ്രതിഷേധിച്ച് സംസ്ഥാന തലസ്ഥാനങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തു'മെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എക്‌സില്‍ കുറിച്ചു.
അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിച്ചത് ക്രൂരമായ രീതിയിലെന്ന് അമേരിക്കയില്‍ നിന്നെത്തിയവര്‍ ഇന്നലെ വെളിപ്പെടുത്തിയിരുന്നു. 40 മണിക്കൂറിലധികമുണ്ടായ സൈനിക വിമാനത്തിലെ യാത്രയില്‍ കൈകാലുകളില്‍ വിലങ്ങണിയിച്ചാണ് ഇന്ത്യയിലേക്ക് എത്തിച്ചത്. ഭക്ഷണം പോലും കൃത്യമായി കഴിക്കാന്‍ സാധിച്ചില്ലെന്നും രാജ്യത്ത് തിരിച്ചെത്തിയവര്‍ വെളിപ്പെടുത്തിയിരുന്നു.
104 ഇന്ത്യന്‍ അനധികൃത കുടിയേറ്റക്കാരുമായി അമേരിക്കന്‍ യുദ്ധ വിമാനം അമൃത്സര്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തിരുന്നു. അമൃത്സറിലെ ശ്രീ ഗുരു രാംദാസ് ജി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വിമാനം ലാന്‍ഡ് ചെയ്തത്. ഇന്ത്യക്കാരെ കൈവിലങ്ങിട്ടും കാല്‍ ബന്ധിച്ചും അമേരിക്കന്‍ സൈനികവിമാനത്തില്‍ എത്തിച്ചുവെന്ന് ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരുന്നു. പ്രതിപക്ഷ നേതാവ് രാഹുല്‍ ?ഗാന്ധി, പ്രിയങ്കാഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ, അഖിലേഷ് യാദവ് അടക്കമുള്ള പ്രതിപക്ഷനേതാക്കളും എംപിമാരും പാര്‍ലമെന്റിന് പുറത്തും പ്രതിഷേധിച്ചിരുന്നു.
എന്നാല്‍ ഇന്ത്യക്കാരെ തിരിച്ചയച്ച സംഭവത്തില്‍ സഭയില്‍ അമേരിക്കയെ പിന്തുണച്ചാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ സംസാരിച്ചത്. നിയവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാന്‍ ആവില്ലെന്ന് ജയശങ്കര്‍ പറഞ്ഞിരുന്നു. തിരിച്ചെത്തുന്നവരെ ഇന്ത്യ സംരക്ഷിക്കും. അമേരിക്ക ആദ്യമായല്ല ഇന്ത്യക്കാരെ തിരിച്ചയക്കുന്നത്. 2009 മുതല്‍ തിരിച്ചയക്കുന്നുണ്ടെന്നും ജയശങ്കര്‍ പറഞ്ഞു. 2012 മുതല്‍ അമേരിക്കന്‍ വിമാനത്തില്‍ തന്നെയാണ് അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നത്. ഇത് പുതിയ സംഭവമല്ല. കൈവിലങ്ങുവെച്ചത് അമേരിക്കന്‍ സര്‍ക്കാര്‍ നയം. നാടുകടത്തിയവര്‍ക്ക് എല്ലാ സൗകര്യങ്ങളും ഉറപ്പുവരുത്തി. സ്ത്രീകളെയും കുട്ടികളെയും വിലങ്ങുവെച്ചില്ലെന്നും ജയശങ്കര്‍ ന്യായീകരിച്ചിരുന്നു.