പ്രണയത്തിന് അതിര്‍വരമ്പുകള്‍ ഇല്ലെന്നാണല്ലോ പറയുന്നത്. അതുപോലെ തന്റെ കാമുകനെത്തേടി അമേരിക്കയില്‍ നിന്ന് പാകിസ്താനിലെത്തിയ സ്ത്രീക്ക് നേരിടേണ്ടിവന്ന ദുരവസ്ഥയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട 19കാരനായ നിദാല്‍ അഹമ്മദ് മേമനെ തേടിയാണ് ന്യൂയോര്‍ക്ക് സ്വദേശിനിയായ 33കാരി ഒനിജ റോബിന്‍സണ്‍ പാകിസ്താനിലെത്തിയത്.
വിവാഹം കഴിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇവരെത്തിയത്. എന്നാല്‍ 19കാരന്റെ മാതാപിതാക്കള്‍ ഈ ബന്ധം നിഷേധിക്കുകയും കുടുംബത്തോടെ നാടുവിടുകയുമായിരുന്നു. ഒനിജ കറാച്ചിയിലെ നിദാലിന്റെ വീടിന് പുറത്ത് തമ്പടിച്ചെങ്കിലും വീട് പൂട്ടിയിട്ടെന്നും നാടുവിട്ടെന്നും മനസിലായതോടെ നിരാശയിലായി. ഇതോടെ പാക് സര്‍ക്കാരിനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുകയാണ് യുവതി.
ഒരു ലക്ഷം ഡോളറാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രാദേശിക ആക്ടിവിസ്റ്റും യൂട്യൂബറുമായ സഫര്‍ അബ്ബാസ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തുവന്നത്. വിഷയത്തില്‍ സിന്ധ് ഗവര്‍ണര്‍ കമ്രാന്‍ ഖാന്‍ ടെസ്സോറി ഇടപെട്ടിട്ടുണ്ട്. നിദാലിനെ പാകിസ്താന്‍ ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തതായാണ് വിവരം.
ഒനിജ മാനസിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന വ്യക്തിയാണെന്ന് മകന്‍ ജെറമിയ ആന്‍ഡ്രൂ റോബിന്‍സണ്‍ പറഞ്ഞതായി പാകിസ്താന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അമ്മയ്ക്ക് ബൈപോളാര്‍ ഡിസോര്‍ഡറാണെന്നും മകന്‍ പറഞ്ഞു. താനും സഹോദരങ്ങളും അമ്മയെ അമേരിക്കയിലേക്ക് തിരിച്ചെത്തിക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഫലം കണ്ടില്ലെന്നും മകന്‍ വ്യക്തമാക്കി. യുഎസ് കോണ്‍സുലേറ്റിന്റെ സഹായവും മുന്‍കൂട്ടി ബുക്ക് ചെയ്ത ടിക്കറ്റും ഉണ്ടായിരുന്നിട്ടും ഒനിജ അമേരിക്കയിലേക്ക് മടങ്ങാന്‍ തയ്യാറായിട്ടില്ല. ഒനിജയെ മാനസികാരോഗ്യ പരിശോധനയ്ക്കായി കറാച്ചിയിലെ ജിന്ന പോസ്റ്റ് ഗ്രാജുവേറ്റ് ആശുപത്രിയിലെ സൈക്യാട്രി വിഭാഗത്തില്‍ പ്രവേശിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.