അബുദാബി വിമാനത്താവളങ്ങളിലൂടെ സഞ്ചരിച്ചത് 2.94 കോടി പേര്‍
അബുദാബി വിമാനത്താവളങ്ങളിലെ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. അബുദാബിയിലെ അഞ്ച് വിമാനത്താവളങ്ങള്‍ വഴി 2024ല്‍ 2.94 കോടി യാത്രക്കാരാണ് സഞ്ചരിച്ചത്. ഓരോ വര്‍ഷവും 28 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെയാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ യാത്ര ചെയ്തത്.
കഴിഞ്ഞ വര്‍ഷം 28.8 കോടി യാത്രക്കാരാണ് സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കടന്നു പോയത്. 2023ല്‍ ഇത് 2.24 കോടിയായിരുന്നു. സായിദ് വിമാനത്താവളത്തിലേക്ക് കൂടുതല്‍ വിമാന കമ്പനികള്‍ സര്‍വീസ് വര്‍ധിപ്പിച്ചതാണ് യാത്രക്കാരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമെന്ന് അബുദാബി എയര്‍പോര്‍ട്‌സ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം 29 റൂട്ടുകളിലേക്ക് കൂടി സര്‍വീസ് തുടങ്ങിയതോടെ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള യാത്രാ കേന്ദ്രങ്ങള്‍ 125 ലേറെയായി വര്‍ധിച്ചു. 2023 നവംബറിലാണ് എയര്‍പോര്‍ട്ടില്‍ പുതിയ ടെര്‍മിനല്‍ എ തുറന്നത്. എട്ട് എയര്‍ലൈനുകള്‍ കൂടി കഴിഞ്ഞ വര്‍ഷം സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സര്‍വീസ് തുടങ്ങി.