തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിലെ സ്‌കൂളില്‍ നാലാം ക്ലാസുകാരിക്ക് നേരെ ലൈംഗിതിക്രമം. സംഭവത്തില്‍ സ്‌കൂളിലെ പ്രധാന അധ്യാപികയുടെ ഭര്‍ത്താവ് അടക്കം നാല് പ്രതികള്‍ പിടിയിലായി. വിവരമറിഞ്ഞ് പ്രകോപിതരായ പെണ്‍കുട്ടിയുടെ രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് സ്‌കൂള്‍ തല്ലിതകര്‍ത്തു. തിരുച്ചിറപ്പള്ളി മണപ്പാറയിലെ സ്വകാര്യ സ്‌കൂളില്‍ ഇന്നലെ ഉച്ചയ്ക്കാണ് നടുക്കുന്ന സംഭവം ഉണ്ടായത്.
ഉച്ച ഭക്ഷണ സമയത്ത് നാലം ക്ലാസില്‍ തനിച്ചിരുന്ന പെണ്‍കുട്ടിയോട് പ്രധാനധ്യാപികയുടെ ഭര്‍ത്താവായ വസന്ത് കുമാര്‍ അപമാര്യാദയായി പെരുമാറുക ആയിരുന്നു. സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ കുട്ടി തന്നെയാണ് താന്‍ നേരിട്ട ലൈംഗികാതിക്രമത്തെക്കുറിച്ച് അച്ഛനമ്മമാരോടു പറഞ്ഞു. ഇതോടെ കുട്ടിയുടെ രക്ഷിതാക്കള്‍ അയല്‍ക്കാരെയും കൂട്ടി സ്‌കൂളില്‍ എത്തി വസന്ത് കുമാറിനെ മര്‍ദിച്ചു. കല്ലേറില്‍ സ്‌കൂളിലെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.
വസന്ത് കുമാറിന്റെ കാറും ജനക്കൂട്ടം മറിച്ചിട്ടു. വിവരം അറിഞ്ഞെത്തിയ പോലീസ് സംഘം വസന്ത്കുമാറിനെ കസ്റ്റഡിയില്‍ എടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്‌കൂള്‍ വരാന്തയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ വസന്തകുമാര്‍ ക്ലാസ് മുറിയിലേക്ക് ഒറ്റയ്ക്ക് കയറിപ്പോകുന്നത് വ്യക്തമായെന്ന് പൊലീസ് പറഞ്ഞു. പിന്നാലെ ഇയാളെയും പ്രധാനാധ്യപികയായ ഭാര്യയേയും സ്‌കൂള്‍ ജീവനക്കാരായ 2 പേരെയും അറസ്റ്റ് ചെയ്തു.
ഒരാള്‍ ഒളിവിലാണെന്നും ഇയാള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയതായും തിരുച്ചിറപ്പള്ളി എസ്പി സെല്‍വ നാഗരത്‌നം പറഞ്ഞു. ലൈംഗികാതിക്രമണത്തിന് ഇരയായ കുട്ടിക്ക് കൌണ്‍സിലിങ് നല്‍കും.സ്‌കൂള്‍ ഇനി തുറക്കാന്‍ അനുവദിക്കില്ലന്നാണ് ഒരു വിഭാഗം രക്ഷിതാക്കളുടെ നിലപാട്. ഇവരുമായി ചര്‍ച്ച നടത്തുമെന്ന് ജില്ലാ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.