27 വര്‍ഷങ്ങള്‍ക്ക് ശേഷം ഡല്‍ഹി ബിജെപിയുടെ കൈകളിലേക്ക്. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപി വിജയത്തിലേക്ക് കുതിക്കുകയാണ്. തുടര്‍ച്ചയായി വീണ്ടും അധികാരത്തിലേറാന്‍ മോഹിച്ച എഎപിക്ക് കാലിടരുകയാണ്. വോട്ടെണ്ണല്‍ തുടങ്ങി ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ ബിജെപി ലീഡ് ഉയര്‍ത്തുകയാണ്. ആദ്യ ഫല സൂചന അനുസരിച്ച് മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും നിലവിലെ ദില്ലി മുഖ്യമന്ത്രി അതിഷി സിസോദിയയും ആം ആദ്മി നേതാവ് മനീഷ് സിസോദിയും പിന്നിലാണ്. അതേസമയം, ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് ബിജെപിയിലെത്തിയ കൈലാഷ് ഗെലോട്ട് മുന്നിലാണ്.
തിരഞ്ഞെടുപ്പില്‍ അടിയേറ്റ് ആം ആദ്മി പാര്‍ട്ടി. എഎപിയുടെ വോട്ടുകള്‍ ബിജെപിയിലേക്ക് ചോര്‍ന്ന് പോയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഡല്‍ഹിയിലെ മധ്യവര്‍ഗ വോട്ടര്‍മാരും പൂര്‍വാഞ്ചല്‍ വോട്ടര്‍മാരും ഇത്തവണ ബിജെപിക്ക് അനുകൂലമായി വിധിയെഴുതി.
തുടര്‍ച്ചയായി 2015ലും 2020ലും ആം ആദ്മി പാര്‍ട്ടിയുടെ മികച്ച വിജയം ഉറപ്പാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് മധ്യവര്‍ഗ വോട്ടര്‍മാരും പൂര്‍വാഞ്ചല്‍ വോട്ടര്‍മാരും ആണ്. ഈ വോട്ടര്‍മാര്‍ എതിരായതോടെ ആം ആദ്മി പാര്‍ട്ടിക്ക് പിടിച്ചു നില്‍ക്കാനായില്ല. മധ്യവര്‍ഗത്തിനും പൂര്‍വാഞ്ചല്‍ വോട്ടര്‍മാര്‍ക്കും സ്വാധീനമുള്ള 25 സീറ്റുകളില്‍ ബിജെപിയാണ് മുന്നിട്ട് നില്‍ക്കുന്നത്. 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബിജെപി ഡല്‍ഹിയില്‍ ഭരണം ഉറപ്പിക്കുന്നത്.