മോഹന്‍ലാലിന്റെ റീ റിലീസ് ചിത്രങ്ങള്‍ക്ക് ലഭിക്കാതിരുന്ന സ്വീകാര്യത 'ഒരു വടക്കന്‍ വീരഗാഥ'യ്ക്ക് ലഭിക്കുമെന്ന് നടന്‍ ദേവന്‍. ഒരുപാട് ആളുകള്‍ വടക്കന്‍ വീരഗാഥ തിയേറ്ററില്‍ നിന്ന് കാണാന്‍ ആഗ്രഹിക്കുന്നുണ്ട്. പുതിയ തലമുറക്ക് ഇതൊരു അവസരമാണ് എന്നാണ് ദേവന്‍ പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ദേവന്‍ സംസാരിച്ചത്.
''മോഹന്‍ലാലിന്റെ ചില പടങ്ങള്‍ വന്നല്ലോ. അതിനൊന്നും അത്രയും സ്വീകാര്യത ലഭിച്ചില്ല. പക്ഷേ, ഈ പടത്തിന് സ്വീകാര്യത കിട്ടും. ആളുകള്‍ക്ക് ഒരു താല്‍പര്യമുണ്ടാവും, അതിന്റെ ഒരു ഗ്ലാമര്‍, കളര്‍ഫുള്ളായ സംഗതി ഉണ്ട്. ഒരുപാട് ആളുകള്‍ വടക്കന്‍ വീരഗാഥ തിയറ്ററില്‍ നിന്ന് കാണാന്‍ ആഗ്രഹിക്കുന്നുണ്ട്. പഴയ തലമുറയിലെ പലരും ആ സിനിമ തിയറ്ററില്‍ നിന്ന് കണ്ടിട്ടുമുണ്ട്.''
''പക്ഷേ പുതിയ തലമുറക്ക് ഇതൊരു അവസരമാണ്, ഭാഗ്യമാണ്. സിനിമയെ സീരിയസായി കാണുന്നവര്‍ക്ക് ഒരു പാഠപുസ്തകമായി കാണാവുന്ന സിനിമയാണ് ഒരു വടക്കന്‍ വീരഗാഥ. പുതിയ തലമുറയിലെ സംവിധായകര്‍ വന്ന് ഈ പടം കാണും. ഗവേഷണത്തിന് താല്‍പര്യമുള്ള ആളുകള്‍ വില്ലനായ ചന്തുവിനെ എങ്ങനെ നായകനാക്കി എന്ന് അറിയാന്‍ വരും.''
''തിരക്കഥാകൃത്തുകള്‍ക്ക് വരാം. അവര്‍ക്ക് പഠിക്കാം. അതുകൊണ്ട് തന്നെ ഈ സിനിമക്ക് വലിയ പ്രതീക്ഷകളുണ്ട്'' എന്നാണ് ദേവന്‍ പറയുന്നത്.