യുവതിയുടെ താലിമാല പിടിച്ചുവച്ച കസ്റ്റംസ് നടപടിക്കെതിരെ മദ്രാസ് ഹൈക്കോടതി.നവവധുക്കള്‍ കനമേറിയ താലിമാല ധരിക്കുന്നത് സ്വാഭാവികമാണെന്നും അത് മതപരമായ ആചാരം കൂടിയാണെന്നും അടിയന്ത
രമായി താലി മടക്കി നല്‍കണമെന്നും മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ശ്രീലങ്കന്‍ വംശജയായ നവവധുവിന്റെ സ്വര്‍ണത്താലിമാലയാണ് ചെന്നൈയിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചുവച്ചത്. താലി മാല 216 ഗ്രാം (27 പവന്‍) ഉണ്ടായതോടെയാണ് കസ്റ്റംസ് തടഞ്ഞത്.
ആചാരം അനുസരിച്ച് നവവധുക്കള്‍ താലി നിര്‍ബന്ധമായും ധരിക്കാറുണ്ടെന്നും പരിശോധനകള്‍ നടത്തുമ്പോള്‍ മതാചാരങ്ങളെ കൂടി മാനിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് കൃഷ്ണന്‍ രാമസ്വാമി പറഞ്ഞു. യാത്രക്കാരിയുടെ താലിമാല ഊരിവാങ്ങുന്നത് അപമാനിക്കലാണെന്നും വിധിയില്‍ പറയുന്നു. താലിമാല പിടിച്ചെടുത്ത എസ് മൈഥിലിയെന്ന ഓഫീസര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ശ്രീലങ്കന്‍ സ്വദേശികളായ തനുഷികയും ജയകാന്തും ചെന്നൈയിലെത്തിയാണ് വിവാഹിതരായത്. 2023 ജൂലൈ പതിമൂന്നിന് ചെങ്കല്‍പ്പെട്ടിലെ സബ്റജിസ്ട്രാര്‍ ഓഫിസിലായിരുന്നു വിവാഹം. വിവാഹത്തിന് പിന്നാലെ ജയകാന്ത് ഫ്രാന്‍സിലേക്ക് പോയി. തനുഷിക ശ്രീലങ്കയിലേക്ക് മടങ്ങി. 2023 ഡിസംബര്‍ 30ന് ക്ഷേത്രദര്‍ശനത്തിനായി ഭര്‍തൃകുടുംബത്തിനൊപ്പം തനുഷിക
ചെന്നൈയിലെത്തി. പിന്നാലെ കസ്റ്റംസ് തനുഷികയുടെ സ്വര്‍ണാഭരണങ്ങളും താലിമാലയും പിടിച്ചെടുത്തു.ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതോടെ തനുഷിക വിവരം പറഞ്ഞു. ഫ്രാന്‍സിലേക്കുള്ള റിട്ടേണ്‍ ടിക്കറ്റും ഹാജരാക്കി.
താലിമാല ഊരി വാങ്ങിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തിരികെ നല്‍കിയതുമില്ല. ഇതോടെയാണ് തനുഷിക കോടതിയെ സമീപിച്ചത്.