പാതിവില തട്ടിപ്പു കേസില്‍ അനന്തുകൃഷ്ണന്‍ 800 കോടിരൂപയെങ്കിലും തട്ടിച്ചതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് ഈരാറ്റുപേട്ടയിലും തൊടുപുഴയിലും തെളിവെടുപ്പ് നടത്തി. അനന്തുകൃഷ്ണയ്‌ക്കെതിരെ 153 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 600 പരാതികള്‍ ലഭിച്ചു. ഇയാള്‍ ഇടുക്കി ജില്ലയിലെ ചെറുതും വലുതുമായ അമ്പതോളം രാഷ്ട്രീയക്കാര്‍ക്ക് തെരഞ്ഞെടുപ്പുകളില്‍ പണം നല്‍കിയിട്ടുണ്ടെന്നാണ് കണക്ക്.
പരിപാടികളുടെ സ്‌പോണ്‍സറായും തിരഞ്ഞെടുപ്പ് ഫണ്ട് നല്‍കിയും എല്ലാവരേയും വലയിലാക്കി. മുന്‍നിരപാര്‍ട്ടികളെ വരെ ബാധിക്കുന്ന കേസായതിനാല്‍ പൊലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ചെയര്‍മാന്‍ കെ എന്‍ ആനന്ദകുമാറിന് മാസം 10 ലക്ഷം രൂപവീതം നല്‍കിയതായും മൊഴിയുണ്ട്.
അതിനിടെ അനന്തുകൃഷ്ണന്‍ നടത്തിയ വ്യാപക തട്ടിപ്പില്‍ കാസര്‍കോഡും പരാതി. കാസര്‍കോട് ജില്ലയിലെ കുമ്പഡാജെ പഞ്ചായത്തിലെ മൈത്രി വായനശാല വഴിയാണ് അനന്തു കൃഷ്ണന്‍ സ്‌കൂട്ടര്‍ തട്ടിപ്പ് നടത്തിയത്. ഏകദേശം 30 ലക്ഷം രൂപ നഷ്ടപ്പെട്ടതായി വായനശാല ഭാരവാഹികള്‍ പറഞ്ഞു.
സായി ഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ എന്‍ ആനന്ദകുമാര്‍ വഴിയാണ് അനന്തകൃഷ്ണനെ പരിചയപ്പെട്ടതെന്നാണ് വായനശാല ഭാരവാഹികള്‍ പറയുന്നത്. സംഭവത്തില്‍ ബദിയഡുക്ക പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
വായനശാല മുഖേനയാണ് അനന്തു കൃഷ്ണന്‍ സ്‌കൂട്ടര്‍, ലാപ്‌ടോപ്പ് പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തിയത്. നേരത്തെ പണം അടച്ചത് പ്രകാരം 40 സ്‌കൂട്ടറുകളും 75 ലാപ്‌ടോപ്പും 250 തയ്യല്‍ മെഷീനുകളും ലഭിച്ചതായി വായനശാല ഭാരവാഹികള്‍ അറിയിച്ചു. എന്നാല്‍ ഇതിനുശേഷം 36 സ്‌കൂട്ടറുകള്‍ക്കും 36 ലാപ്‌ടോപ്പുകള്‍ക്കും പണം അടച്ചിരുന്നു. എന്നാല്‍ ഇവ നല്‍കാതെ അനുകൃഷ്ണനും സംഘവും കബളിപ്പിച്ചതായാണ് പരാതി.