അച്ഛനെ കൊല്ലുന്നതിന് മുമ്പ് പ്രജിന്‍ സ്വന്തം ശരീരത്തിലെ രോമം നീക്കി; ബ്ലാക്ക് മാജിക് സാധ്യത തള്ളാതെ പൊലീസ് ; സ്വന്തം മകനില്‍ നിന്ന് അച്ഛന് ഏറ്റുവാങ്ങേണ്ടിവന്നത് 24 ഓളം വെട്ടുകള്‍ ; നടന്നത് ക്രൂര കൊലപാതകമെന്ന് അമ്മ

അച്ഛനെ കൊല്ലുന്നതിന് മുമ്പ് പ്രജിന്‍ സ്വന്തം ശരീരത്തിലെ രോമം നീക്കി; ബ്ലാക്ക് മാജിക് സാധ്യത തള്ളാതെ പൊലീസ് ; സ്വന്തം മകനില്‍ നിന്ന് അച്ഛന് ഏറ്റുവാങ്ങേണ്ടിവന്നത് 24 ഓളം വെട്ടുകള്‍ ; നടന്നത് ക്രൂര കൊലപാതകമെന്ന് അമ്മ
കിളിയൂര്‍ ജോസിന്റെ കൊലപാതകത്തില്‍ അന്വേഷണം വഴിത്തിരിവിലേക്ക്. കൊലപാതകത്തിന് പിന്നില്‍ ബ്ലാക്ക് മാജിക് ആണെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ജോസിനെ കൊല്ലുന്നതിന് മുമ്പ് പ്രജിന്‍ സ്വന്തം ശരീരത്തിലെ മുഴുവന്‍ രോമങ്ങളും നീക്കം ചെയ്തിരുന്നുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. പ്രജിന്റെ മുറിയിലെ ബാത്ത്‌റൂമിനുള്ളില്‍ രോമങ്ങള്‍ കൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയിരുന്നു.

ജോസിനെ കൊന്നത് അതിക്രൂരമായാണെന്നാണ് ഭാര്യ സുഷമയുടെ മൊഴി. ജോസിനെ ആക്രമിച്ച സമയം മുതല്‍ കൊന്നുവെന്ന് ഉറപ്പുവരുത്തുന്നതുവരെ പ്രജിന്‍ സംസാരിച്ചിരുന്നില്ല. ജോസിനെ കൊന്നതിനു ശേഷം പ്രജിന്‍ ആദ്യമായി സംസാരിച്ചത് അച്ഛന്റെ സഹോദരന്‍ ജയനോടാണ്. 'അങ്കിളേ ഞാന്‍ എന്റെ അപ്പനെ കൊന്നു'വെന്നാണ് പ്രജിന്‍ പറഞ്ഞതെന്ന് ജയന്‍ പറഞ്ഞു.

കിളിയൂര്‍ ജോസിന്റെ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കൊവിഡിനെ തുടര്‍ന്നാണ് പ്രജിന്‍ ചൈനയിലെ മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കാതെ നാട്ടില്‍ മടങ്ങിയെത്തിയത്. പിന്നീടാണ് അഭിനയ മോഹവുമായി പ്രജിന്‍ കൊച്ചിയിലെത്തിയത്. കൊച്ചിയില്‍നിന്നും തിരികെ വന്നശേഷം മകനില്‍ കാര്യമായ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയെന്നാണ് അമ്മ പ്രതികരിച്ചത്.

2014-ലാണ് പ്രജിന്‍ മെഡിക്കല്‍ പഠനത്തിനായി ചൈനയിലെ വുഹാന്‍ സിറ്റിയില്‍ എത്തുന്നത്. കൊച്ചിയിലെ ഒരു ഏജന്‍സി വഴിയാണ് ചൈനയില്‍ പോയത്. എന്നാല്‍ കൊവിഡ് കാലത്ത് പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പ്രജിന്‍ നാട്ടിലേക്ക് മടങ്ങി. അവസാന വര്‍ഷ പരീക്ഷയ്ക്ക് അടയ്ക്കാനിരുന്ന ഫീസ് ഏജന്‍സി വഴി അടച്ചെങ്കിലും അത് കോളേജിന് ലഭിച്ചില്ലെന്ന കാരണത്താല്‍ പ്രജിന് പരീക്ഷയെഴുതാനും കഴിഞ്ഞില്ല. ഏജന്‍സിക്ക് എതിരെ ഡിജിപിക്കും എസ്പിക്കും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പ്രജിന്‍ പരാതിയും നല്‍കിയിരുന്നു.

കഴിഞ്ഞ ഏഴ് വര്‍ഷത്തിലധികമായി തങ്ങള്‍ മകന്‍ പ്രജിനെ ഭയന്നാണ് ജീവിച്ചതെന്നാണ് അമ്മ സുഷമ വെളിപ്പെടുത്തിയത്. കൊച്ചിയില്‍ നിന്നും സിനിമാ പഠനം കഴിഞ്ഞെത്തിയ ശേഷമാണ് പ്രജിനില്‍ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയത്. മുറിയില്‍ നിന്നും ഓം പോലെയുള്ള ശബ്ദം കേള്‍ക്കുമായിരുന്നുവെന്നും മുറിക്കുള്ളില്‍ എന്താണ് നടക്കുന്നതെന്ന് അറിഞ്ഞിരുന്നില്ലെന്നും സുഷമ പറഞ്ഞു. കൊലപാതകത്തിനു ശേഷമാണ് ബ്ലാക്ക് മാജിക് ആണെന്നത് അറിഞ്ഞതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഏഴ് വര്‍ഷമായി മകന്റെ അടിമകളായി ജോസിനും സുഷമയ്ക്കും കഴിയേണ്ടി വന്നത്. രാത്രികാലങ്ങളില്‍ ഇരുവരെയും വീടിനു പുറത്താക്കി വീട് പൂട്ടുക, അച്ഛനെ മര്‍ദ്ദിക്കുകയും അച്ഛനെ കഴുത്തിന് പിടിച്ച് ചുമരോട് ചേര്‍ത്ത് ഉയര്‍ത്തി നിര്‍ത്തുക തുടങ്ങി ശാരീരികമായും മാനസികമായും പ്രജിന്‍ നിരന്തരം ഉപദ്രവിച്ചുവെന്നാണ് അമ്മ സുഷമയുടെ വെളിപ്പെടുത്തിയത്.

ഒടുവില്‍ ഫെബ്രുവരി അഞ്ചാം തീയതി ബുധനാഴ്ച രാത്രി 9.45-ന് ഹാളിലെ സോഫയില്‍ ഉറങ്ങിക്കിടന്ന ജോസിന്റെ കഴുത്തില്‍ മകന്‍ വെട്ടുന്ന കാഴ്ചയാണ് അമ്മ സുഷമ കാണുന്നത്. ഭര്‍ത്താവിനെ രക്ഷിക്കാന്‍ കഴിയാതെ ബോധരഹിതയായി സുഷമ നിലത്തുവീണു. പ്രാണരക്ഷാര്‍ത്ഥം അടുക്കള വഴി പുറത്തേക്ക് ഓടി രക്ഷപ്പെടാന്‍ ജോസ് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. 24 വെട്ടുകളാണ് സ്വന്തം മകനില്‍ നിന്നും ജോസിന് ഏറ്റുവാങ്ങേണ്ടിവന്നത്.

ഒടുവില്‍ കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയ ശേഷം പ്രജിന്‍ വെള്ളറട പൊലീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു

Other News in this category



4malayalees Recommends