രാഷ്രീയ നേതാക്കളെ കുരുക്കിലാക്കി പാതിവില തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി അനന്തു കൃഷ്ണന്റെ മൊഴി. തിരഞ്ഞെടുപ്പ് ഫണ്ടിനായി യുഡിഎഫ് എംപി വാങ്ങിയത് 45 ലക്ഷം രൂപയാണെന്നും എന്നാല്‍ അയാള്‍ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് കൊടുത്തത് 15 ലക്ഷം രൂപയാണെന്നും അനന്തു കൃഷ്ണന്‍ മൊഴി നല്‍കി. പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് ഉന്നത പാര്‍ട്ടി നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
തിരഞ്ഞെടുപ്പ് ഫണ്ടിനായി 45 ലക്ഷം രൂപ വാങ്ങിയ യുഡിഎഫ് എംപി 15 ലക്ഷം രൂപ മാത്രം തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നല്‍കിയെന്ന് ഉള്‍പ്പെടെ അനന്തു കൃഷ്ണന്‍ പൊലീസിനോട് പറഞ്ഞു. എറണാകുളം ജില്ലയിലെ യുഡിഎഫ് എംഎല്‍എ 7 ലക്ഷം രൂപ കയ്യില്‍ വാങ്ങി. തങ്കമണി സര്‍വീസ് സഹകരണ ബാങ്ക് വഴി സിപിഐഎം നേതാവിന് 25 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. മൂവാറ്റുപുഴയിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് 5 ലക്ഷം രൂപ വായ്പ വാങ്ങിയെന്നും മൊഴി ഉണ്ട്.
മലയോര ജില്ലയിലെ യുഡിഎഫ് എംപിക്ക് തിരഞ്ഞെടുപ്പ് ഫണ്ടിനായി 9 ലക്ഷം രൂപ നല്‍കിയെന്നും അനന്തു കൃഷ്ണന്‍ പൊലീസിനോട് പറഞ്ഞു. അതേസമയം വിവിധ പാര്‍ട്ടിക്കാരുടെ തിരഞ്ഞെടുപ്പ് ഫണ്ടര്‍ കൂടിയാണ് അനന്തു കൃഷ്ണനെന്ന സൂചന ഇന്നലെ തന്നെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ആര്‍ക്കൊക്കെയാണ് താന്‍ പണം നല്‍കിയത് എന്നതിന്റെ വിശദാംശങ്ങള്‍ പ്രതി പൊലീസിനോട് പറഞ്ഞത്.
പ്രമുഖരെ കുടുക്കുന്ന ചില ഫോണ്‍ കോള്‍ റെക്കോര്‍ഡിംഗുകളും വാട്ട്സ്ആപ്പ് ചാറ്റ് വിവരങ്ങളും പൊലീസ് കണ്ടെടുത്തതായാണ് സൂചന. തെളിവുകള്‍ നഷ്ടപ്പെട്ട് പോകാതിരിക്കാന്‍ പലതും ക്ലൗഡ് സ്റ്റോറേജിലാണ് സൂക്ഷിച്ചിരുന്നത്. രാഷ്ട്രീയ നേതാക്കള്‍ക്ക് പണം നല്‍കിയതിന്റെ കോള്‍ റെക്കോര്‍ഡിങ്ങുകളും വാട്സ്ആപ്പ് ചാറ്റുകളും ക്ലൗഡ് സ്റ്റോറേജിലുണ്ട് എന്ന് അനന്തു കൃഷ്ണന്‍ പറയുന്നു. എല്ലാ ഉന്നതരും പെടട്ടേ എന്ന് അനന്തു തങ്ങളോട് പറഞ്ഞതായും പൊലീസ് അറിയിച്ചു.