പ്രണയിനിയെ വിവാഹം കഴിക്കാനായി അനധികൃതമായി പാകിസ്ഥാനിലേക്ക് കടന്നു, വിവാഹാഭ്യര്‍ഥന തള്ളിയതോടെ ഇന്ത്യന്‍ യുവാവ് പാക് ജയിലില്‍

പ്രണയിനിയെ വിവാഹം കഴിക്കാനായി അനധികൃതമായി പാകിസ്ഥാനിലേക്ക് കടന്നു, വിവാഹാഭ്യര്‍ഥന തള്ളിയതോടെ ഇന്ത്യന്‍ യുവാവ് പാക് ജയിലില്‍
പ്രണയിനിയെ വിവാഹം കഴിക്കാനായി അനധികൃതമായി പാകിസ്ഥാനിലേക്ക് കടന്ന ഇന്ത്യക്കാരനായ യുവാവ് ജയിലില്‍. ഉത്തര്‍പ്രദേശിലെ അലിഗഢില്‍ നിന്നുള്ള ബാദല്‍ ബാബുവാണ് പ്രണയവും ജീവിതവും നഷ്ടമായി പാകിസ്ഥാനിലെ ജയിലില്‍ കഴിയുന്നത്. സോഷ്യല്‍ മീഡിയയിലൂടെ രണ്ട് വര്‍ഷം മുമ്പ പരിചയപ്പെട്ട പാകിസ്ഥാന്‍ പൗരയായ സന റാണിക്കായാണ് ബാദല്‍ അനധികൃതമായി അതിര്‍ത്തി കടന്നത്.

ഓണ്‍ലൈന്‍ വഴി ഇരുവരുടെയും ബന്ധം കൂടുതല്‍ ആഴത്തിലായതോടെ കനത്ത സുരക്ഷയുള്ള അതിര്‍ത്തിയിലൂടെ ഒരു അപകടകരമായ യാത്ര നടത്താനും ഇസ്ലാം മതം സ്വീകരിക്കാനും റെഹാന്‍ എന്ന പേര് സ്വീകരിക്കാനും ബാദല്‍ തയാറായി. എന്നാല്‍, ബാദലിന്റെ വിവാഹാഭ്യര്‍ത്ഥന സന നിരസിക്കുകയായിരുന്നു. ഇതോടെ നിയമപരമായ കുരുക്കില്‍പ്പെട്ടിരിക്കുകയാണ് യുവാവ്.

മതപരിവര്‍ത്തനം നടത്തിയതിനാല്‍ തിരികെ ഇന്ത്യയിലേക്ക് മടങ്ങാന്‍ ബാദലിന് ഭയമാണെന്നാണ് പാകിസ്ഥാനിലെ യുവാവിന്റെ അഭിഭാഷകന്‍ ഫയാസ് റാമയ് പറയുന്നത്. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് ഫയാസ് കേസ് ഏറ്റെടുത്തത്. ബാദലിന്റെ പിതാവ് അലിഗഡിലെ നഗ്ല ഖിത്കാരിയിലെ കിര്‍പാല്‍ സിങ്ങില്‍ നിന്ന് പവര്‍ ഓഫ് അറ്റോണിയും സ്വീകരിച്ചിട്ടുണ്ട്.

അട്ടാരി-വാഗാ അതിര്‍ത്തി വഴിയാണ് ബാദല്‍ പാകിസ്ഥാനിലേക്ക് കടന്നതെന്നും പാകിസ്ഥാന്‍ പഞ്ചാബിലെ മാണ്ഡി ബഹാവുദ്ദീന്‍ ജില്ലയിലെ ബിലാവല്‍ കോളനിയിലുള്ള സനയുടെ വീടിന് സമീപം ആട്ടിടയനായി ജോലി ചെയ്യുകയായിരുന്നുവെന്നും അഭിഭാഷകന്‍ പറഞ്ഞു. കുടുംബ ബന്ധങ്ങളൊന്നുമില്ലാത്ത കറാച്ചിയില്‍ നിന്നുള്ളയാളാണെന്ന് വ്യാജമായി അവകാശപ്പെട്ടാണ് ഇവിടെ താമസിച്ചിരുന്നത്.

യുവാവ് ജോലിക്കായി തന്നെ സമീപിച്ചിരുന്നുവെന്നും പിന്നീട് തന്റെ പ്രണയത്തെ കുറിച്ച് പറയുകയായിരുന്നുവെന്നും ബാദലിന് തൊഴില്‍ നല്‍കിയ ഹാസി ഖാന്‍ അസ്ഗര്‍ പറഞ്ഞു. സനയും അമ്മയും ആദ്യം ബാദലിനെ മാണ്ഡി ബഹാവുദ്ദീനിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് അസ്ഗര്‍ മനസിലാക്കി. എന്നാല്‍, യുവാവിന്റെ സാഹചര്യങ്ങള്‍ മനസിലാക്കിയതോടെ വിവാഹം കഴിക്കാന്‍ താത്പര്യമില്ലെന്ന് സന അറിയിക്കുകയായിരുന്നു.

Other News in this category



4malayalees Recommends