കാനഡയില്‍ നിന്നുള്ള പൗരന്മാര്‍ അമേരിക്കയില്‍ ചേരാന്‍ ആഗ്രഹിക്കുന്നുവെന്ന് യുഎസ് സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്സ്. കാനഡയിലെ ഭൂരിഭാഗം പൗരന്മാര്‍ക്കും അമേരിക്കയിലെ ജീവിതരീതി ഇഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'മീറ്റ് ദി പ്രസ്' എന്ന പരിപാടിയില്‍ ക്രിസ്റ്റന്‍ വെല്‍ക്കറുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഈ അഭിപ്രായം പ്രകടിപ്പിച്ചത്.
ഫ്‌ലോറിഡയില്‍ താമസിക്കുന്ന കാനഡക്കാരുമായി താന്‍ സംസാരിച്ചിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് തന്റെ അവകാശവാദമെന്ന് വാള്‍ട്ട്‌സ് പറഞ്ഞു. കാനഡയിലെ ലിബറല്‍ നയങ്ങള്‍ കാരണം പലരും രാജ്യം വിടാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാനഡയെ അമേരിക്കയോട് ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പരാമര്‍ശത്തെ അടിസ്ഥാനമാക്കി ക്രിസ്റ്റന്‍ വെല്‍ക്കര്‍ ചോദിച്ച ചോദ്യത്തിനാണ് വാള്‍ട്ട്‌സ് തന്റെ നിലപാട് അറിയിച്ചത്.
ട്രംപ് കാനഡയെ കൂട്ടിച്ചേര്‍ക്കാന്‍ പദ്ധതിയിടുന്നുണ്ടോ എന്നായിരുന്നു വെല്‍ക്കറുടെ ചോദ്യം. തീര്‍ച്ചയായും, കാനഡയെ ആക്രമിക്കാന്‍ നിലവില്‍ പദ്ധതിയില്ലെന്ന് താന്‍ കരുതുന്നു. എന്നാല്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സിലേക്ക് ചേരണമെന്ന് കാനഡയിലെ പലരും ആഗ്രഹിക്കുന്നുണ്ട്. കാനേഡിയന്‍ പ്രധാനമന്ത്രി ട്രൂഡോയുടെ കീഴിലുള്ള കഴിഞ്ഞ 10 വര്‍ഷത്തെ ലിബറല്‍, പുരോഗമന ഭരണം കാനഡയിലെ ജനങ്ങള്‍ക്ക് അംഗീകരിക്കാന്‍ സാധിക്കുന്നില്ലെന്നും വാള്‍ട്ട്‌സ് മറുപടി നല്‍കി. ട്രംപ് കാനഡയെ അമേരിക്കയോട് ചേര്‍ക്കാന്‍ താത്പര്യപ്പെടുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ തീര്‍ച്ചയായും യുഎസ് പ്രസിഡന്റിന് അത്തരമൊരു നീക്കമുണ്ടെന്നും ദേശിയ ഉപദേഷ്ടാവ് പറയുന്നു.
കാനഡയിലെ ഭൂരിഭാഗം ആളുകളും താരിഫുകളില്ലാതെയും കുറഞ്ഞ നികുതികളോടെയും യുഎസില്‍ ചേരാന്‍ ആഗ്രഹിക്കുന്നുവെന്നും വാള്‍ട്ട്‌സ് കൂട്ടിച്ചേര്‍ത്തു. 'ഫ്‌ലോറിഡയിലെ എന്റെ അയല്‍ക്കാരില്‍ പലരും കാനഡക്കാരാണ്. ലിബറല്‍ നയങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ അവര്‍ ഇവിടേക്ക് താമസം മാറി' എന്നും വാള്‍ട്ട്‌സ് പറഞ്ഞു. എന്നാല്‍ വാള്‍ട്ട്‌സിന്റെ അവകാശവാദത്തെ വെല്‍ക്കര്‍ എതിര്‍ക്കുകയും ചെയ്തു. 'നിങ്ങളുടെ അഭിപ്രായത്തോട് ചില കാനഡക്കാര്‍ വിയോജിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും വെല്‍ക്കര്‍ പറഞ്ഞു.
വാള്‍ട്ട്‌സിന്റെ അവകാശവാദം വിവാദമായിരിക്കുകയാണ്. കാനഡക്കാര്‍ അമേരിക്കന്‍ പൗരത്വത്തിനായി അപേക്ഷിക്കുന്നതിന്റെ കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. എന്നാല്‍ കാനഡയില്‍ നിന്ന് യുഎസിലേക്കുള്ള കുടിയേറ്റം വളരെ കുറവാണെന്ന് വിദഗ്ധര്‍ പറയുന്നു. വാള്‍ട്ട്‌സിന്റെ അവകാശവാദം അടിസ്ഥാനരഹിതമാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും സോഷ്യല്‍ മീഡിയ പറയുന്നു.
ട്രംപ് തന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചപ്പോള്‍ മുതല്‍ കാനഡയെ യുഎസിനോട് ചേര്‍ക്കുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ട്രംപും ട്രൂഡോയും തമ്മില്‍ വാഗ്വാദങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. രാജ്യം വില്‍ക്കാന്‍ വെച്ചിരിക്കുകയല്ല എന്ന് കാനഡ അറിയിക്കുകയും ചെയ്തിരുന്നു,. ഇതിനുപിന്നാലെയാണ് യുഎസ് പുതിയ നീക്കം നടത്തുന്നത്