അമേരിക്ക ഏറ്റെടുത്താല്‍ ഗാസയില്‍ പിന്നീട് പലസ്തീന്‍ ജനതയ്ക്ക അവകാശമുണ്ടാവില്ലെന്ന നിലപാടുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിനാണ് ട്രംപിന്റെ പരാമര്‍ശം. പലസ്തീനില്‍ ശേഷിക്കുന്ന ഇരുപത് ലക്ഷം ജനങ്ങള്‍ക്ക് മികച്ച പാര്‍പ്പിട സൗകര്യം അറബ് രാജ്യങ്ങളില്‍ ഒരുക്കുമെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമനുമായി ഇന്ന് വൈറ്റ് ഹൗസില്‍ നടത്തുന്ന കൂടികാഴ്ചയില്‍ പലസ്തീനിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കണമെന്ന് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെടും.
ഗാസ ഏറ്റെടുക്കുമെന്ന് നേരത്തെയും ട്രംപ് വ്യക്തമാക്കിയിരുന്നു. ഗാസ റിയല്‍ എസ്റ്റേറ്റ് സ്ഥലമാണെന്നും അമേരിക്ക അത് സ്വന്തമാക്കിയ ശേഷം മനോഹരമായി പുനര്‍ നിര്‍മ്മിക്കുമെന്നുമായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപ് ഗാസ ഏറ്റെടുക്കുന്നത് ആദ്യമായി വെളിപ്പെടുത്തിയത് . വൈറ്റ് ഹൗസില്‍ വെച്ച് ഇസ്രയേല്‍ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലും ട്രംപ് ഇക്കാര്യം വ്യക്തമാക്കിയെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
ഗാസയെ യുഎസ് ഏറ്റെടുക്കുമെന്നും പ്രദേശത്തെ എല്ലാ ബോംബുകളും ആയുധങ്ങളും നിര്‍വീര്യമാക്കി സാമ്പത്തിക ഉന്നമനം കൊണ്ടുവരാനും തയ്യാറാണെന്നും ട്രംപ് പറഞ്ഞിരുന്നു . ഗാസയില്‍ പുതിയ ഭവനങ്ങളും തൊഴിലുകളും സൃഷ്ടിക്കും. മധ്യപൂര്‍വേഷ്യയുടെ കടല്‍ത്തീര സുഖവാസ കേന്ദ്രമാക്കി ഗാസയെ മാറ്റും. ഇത് വെറുതെ പറയുന്നതല്ലെന്നും. താന്‍ പങ്കുവെച്ച ആശയം എല്ലാവര്‍ക്കും ഇഷ്ടമായിയെന്നും ട്രംപ് പറഞ്ഞിരുന്നു. ഗാസയുടെ സുരക്ഷയ്ക്കായി യുഎസ് സൈനികരെ അങ്ങോട്ട് അയയ്ക്കേണ്ടി വന്നാല്‍ അതും ചെയ്യും ട്രംപ് പറഞ്ഞിരുന്നു.