യുകെയിലെ ആരോഗ്യ സഹമന്ത്രിയെ പുറത്താക്കിയതിന് പിന്നാലെ ലേബര്‍ പാര്‍ട്ടിയുടെ മറ്റൊരു എംപിയേയും പുറത്താക്കി. ആരോഗ്യ സഹമന്ത്രി ആന്‍ഡ്രൂ ഗ്വിനിനെ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പുറത്താക്കിയത് കഴിഞ്ഞ ദിവസമാണ്. പിന്നാലെ ലേബര്‍ പാര്‍ട്ടിയുടെ എംപി ഒലിവര്‍ റയാനെയും പുറത്താക്കി. ലേബര്‍ പാര്‍ട്ടി കൗണ്‍സിലര്‍മാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വംശീയ ജുത വിരുദ്ധ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയതിനാണ് ഇവരെ പുറത്താക്കിയത്. വാട്‌സ്ആപ്പ് ഗ്രൂപ്പിലെ പരാമര്‍ശങ്ങള്‍ വലിയ വാര്‍ത്തയായിരുന്നു.
സ്വന്തം മണ്ഡലത്തിലെ 72 വയസ്സുള്ള സ്ത്രീയെ അപമാനിക്കുന്ന തരത്തിലുള്ളതായിരുന്നു മന്ത്രിയുടെ പരാമര്‍ശങ്ങളില്‍ ഒന്ന്. അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് അവള്‍ മരിച്ചാല്‍ മതിയായിരുന്നുവെന്ന് മന്ത്രി പരാമര്‍ശിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ലേബര്‍ പാര്‍ട്ടിയുടെ എംപിയായ ഡിയാന്‍ ആബട്ടിനെതിരെ വംശീയ പരാമര്‍ശവും ഉപപ്രധാനമന്ത്രി ആഞ്ജല റെയ്‌നര്‍ക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശവും നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ജൂതവംശജനായ അമേരിക്കന്‍ ശാസ്ത്രജ്ഞനെ ലേബര്‍ യോഗത്തിലേക്ക് വിളിക്കണോ എന്ന് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ചര്‍ച്ച നടന്നപ്പോള്‍ ക്ഷണിക്കേണ്ടെന്നും അയാള്‍ ഇസ്രയേല്‍ ചാര ഏജന്‍സിയായ മൊസാദിലെ അംഗമാണോയെന്ന് സംശയമുണ്ടെന്നും ആന്‍ഡ്രൂ ഗ്വിന്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍്ട്ട് പുറത്തുവന്നതോടെ പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെര്‍ ഇടപെടുകയും ഇരുവര്‍ക്കുമെതിരെ നടപടി എടുക്കുവാന്‍ മുന്‍കൈ എടുക്കുകയായിരുന്നു.
ലേബര്‍ പാര്‍ട്ടിയിലെ പ്രതിസന്ധി രൂക്ഷമായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നേതാക്കളെ നിയന്ത്രിക്കണമെന്നും അവര്‍ ഉപയോഗിക്കുന്ന വാക്കുകള്‍ ശ്രദ്ധിക്കണമെന്നും പാര്‍ട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നു. വിഷയത്തില്‍ ലേബര്‍ പാര്‍ട്ടിയില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാകുമോയെന്ന് ചര്‍ച്ചയാകുകയാണ്.