യുകെയുടെ കെയര്‍ മേഖലയെ പിടിച്ചുനിര്‍ത്തുന്നതില്‍ കുടിയേറ്റ ജോലിക്കാര്‍ വഹിക്കുന്ന പങ്ക് നിര്‍ണ്ണായകമാണ്. എന്നാല്‍ ഈ കെയര്‍ ജീവനക്കാര്‍ക്ക് ബ്രിട്ടനില്‍ ലഭിക്കുന്ന സ്വീകരണം അത്ര മികച്ചതല്ലെന്നാണ് റിപ്പോര്‍ട്ട്. ബെഡുകള്‍ ഷെയര്‍ ചെയ്തും, ഉറക്കം കുറഞ്ഞും കഴിഞ്ഞ് കൂടുന്ന ഈ കുടിയേറ്റ ജോലിക്കാരില്‍ നിന്നും 20,000 പൗണ്ടിലേറെ അനധികൃതമായി ഫീസും പിടുങ്ങുന്നുവെന്നാണ് കണ്ടെത്തല്‍.
യുകെയിലേക്ക് ഹെല്‍ത്ത്, കെയര്‍ വര്‍ക്കര്‍ വിസയില്‍ യാത്ര ചെയ്ത 3000-ലേറെ പേര്‍ക്കിടയില്‍ നടത്തിയ സര്‍വ്വെയിലാണ് ഈ വിവരം പുറത്തുവന്നത്. യുകെയിലേക്ക് വരുന്നതിന് മുന്‍പ് കാല്‍ശതമാനത്തോളം പേരും എംപ്ലോയര്‍ക്കോ, ഇടനിലക്കാര്‍ക്കോ ഫീസ് നല്‍കിയിട്ടുണ്ടെന്ന് സര്‍വ്വെയില്‍ വ്യക്തമായി.
ഇന്ത്യക്ക് പുറമെ നൈജീരിയ, സിംബാബ്‌വേ, സാംബിയ, ആഫ്രിക്കയുടെ ചില ഭാഗങ്ങള്‍, ഫിലിപ്പൈന്‍സ്, ബ്രസീല്‍, ഇന്തോനേഷ്യ എന്നിങ്ങനെ രാജ്യങ്ങളില്‍ നിന്നെത്തിയ നൂറോളം പേര്‍ 5000 പൗണ്ട് മുതല്‍ 20,000 പൗണ്ട് വരെ ഫീസ് നല്‍കിയവരാണ്. 50-ലേറെ പേര്‍ 10,000 പൗണ്ടും, അഞ്ചിലേറെ പേര്‍ 20,000 പൗണ്ടിന് മുകളിലും ഫീസ് നല്‍കിയിട്ടുണ്ട്.
ഇത്രയും വലിയ തുക ഫീസ് നല്‍കിയിട്ടും കുടിയേറ്റ കെയര്‍ ജോലിക്കാര്‍ പലപ്പോഴും തിരക്കേറിയ ഇടങ്ങളില്‍ മോശം അവസ്ഥയില്‍ താമസിക്കേണ്ടി വരികയും, വംശവെറിക്ക് ഇരയാകുകയും ചെയ്യുന്നതായി ഗവേഷണം വെളിപ്പെടുത്തി. എംപ്ലോയര്‍ നല്‍കുന്ന താമസസൗകര്യങ്ങളില്‍ മറ്റ് ജോലിക്കാര്‍ക്കൊപ്പം മുറി പങ്കിട്ടാണ് താമസിക്കുന്നതെന്ന് കാല്‍ശതമാനം കെയറര്‍മാരും പറയുന്നു. 15 പേര്‍ ഒരു മുറി ഫ്‌ളാറ്റില്‍ താമസിക്കുന്നത് ഉള്‍പ്പെടെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
യുകെയിലെ കെയര്‍ മേഖലയിലെ ഒഴിവുകള്‍ നികത്തുന്നതില്‍ വിദേശ ജോലിക്കാര്‍ സുപ്രധാന പങ്കാണ് വഹിക്കുന്നത്. എന്നാല്‍ വംശവെറി ഉള്‍പ്പെടെ നേരിടുമ്പോഴും പരാതിപ്പെട്ടാല്‍ ജോലി നഷ്ടപ്പെടുമെന്ന് ഭയന്ന് കെയര്‍ ജീവനക്കാര്‍ തുറന്ന് സംസാരിക്കുന്നില്ലെന്ന് ട്രേഡ് യൂണിയന്‍ യുണീഷന്‍ പറയുന്നു.