പലചരക്ക് കടകളില്‍ ഉള്‍പ്പടെ പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നിരോധിക്കാന്‍ സൗദിയില്‍ നീക്കം
സൗദി അറേബ്യയില്‍ പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നിരോധിക്കാന്‍ നീക്കവുമായി മുനിസിപ്പാലിറ്റീസ് ആന്‍ഡ് ഹൗസിങ് മന്ത്രാലയം. കിയോസ്‌കുകളിലും സെന്‍ട്രല്‍ മാര്‍ക്കറ്റുകളിലും മറ്റ് സ്ഥാപനങ്ങളിലും പുകയില ഉല്‍പ്പന്നങ്ങള്‍ നിരോധിക്കാനുള്ള കരട് നിര്‍ദേശമാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. ഇത് അന്തിമമാക്കുന്നതിന് മുന്നോടിയായി പൊതു ജനങ്ങളുടെ അഭിപ്രായം തേടുന്നതിനുള്ള പബ്ലിക് സര്‍വ്വെ പ്ലാറ്റ്‌ഫോമായ ഇസ്തിറ്റ്‌ലയില്‍ മന്ത്രാലയം ഈ നിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കരട് നിയമത്തില്‍ രാജ്യത്ത് പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതില്‍ നിരവധി നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ നിര്‍ദേശ പ്രകാരം, സൗദ് ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ച് മാത്രമായിരിക്കണം പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന. കൂടാതെ, കടകളില്‍ എത്തുന്നവര്‍ക്ക് കാണാന്‍ കഴിയാത്ത രീതിയിലായിരിക്കണം പുകയില ഉല്‍പ്പന്നങ്ങള്‍ സൂക്ഷിക്കേണ്ടത്. 18 വയസ്സിന് താഴെയുള്ള ആര്‍ക്കും പുകയില വില്‍ക്കാന്‍ പാടില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നുണ്ട്. പുകയില വാങ്ങുന്നയാളോട് വയസ്സ് വ്യക്തമാക്കുന്നതിന്റെ തെളിവ് സ്ഥാപനത്തിന് ആവശ്യപ്പെടാവുന്നതാണ്. ക്യാഷ് കൗണ്ടറിന് മുകളിലായി പുകവലിയുടെ ദോഷ വശങ്ങള്‍ അറിയിക്കുന്ന തരത്തിലുള്ള മുന്നറിയിപ്പ് സ്ഥാപിക്കണം. ഒപ്പം 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് പുകയില വില്‍ക്കാന്‍ പാടില്ലെന്ന നിര്‍ദേശവും വെക്കണം. പുകയില ഉല്‍പ്പന്നങ്ങളുടെ പരസ്യവും പ്രചാരണവും നിരോധിക്കുന്നതും കരട് നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, പൊതു ഇടങ്ങളില്‍ പുകവലിക്കാനും പാടില്ല. ഇതു സംബന്ധിച്ച മുന്നറിയിപ്പും കടകളില്‍ സ്ഥാപിക്കണമെന്ന് നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.