പ്രവാസികള്‍ക്ക് പൊതുമാപ്പ് ഏര്‍പ്പെടുത്തി ഖത്തറും. ആഭ്യന്തര മന്ത്രാലയമാണ് അനധികൃത താമസക്കാര്‍ക്ക് മൂന്നുമാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. റസിഡന്‍സിയുമായി ബന്ധപ്പെട്ട നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുകയോ എന്‍ട്രി വീസയുടെ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുകയോ ചെയ്യുന്നവര്‍ക്ക് പൊതുമാപ്പ് ഉപയോഗപ്പെടുത്താം.
പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകളും യാത്രക്കുള്ള ടിക്കറ്റുമായി ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ നേരിട്ട് ഹാജരായി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രാജ്യം വിടാം. ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സെര്‍ച്ച് ആന്‍ഡ് ഫോളോ അപ്പ് കേന്ദ്രത്തില്‍ ഹാജരായും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രാജ്യം വിടാമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയ അധികൃതര്‍ അറിയിച്ചു.
ഔദ്യോഗിക പ്രവൃത്തി ദിവസങ്ങളില്‍ ഉച്ചയ്ക്ക് 1 മുതല്‍ രാത്രി 9 സെര്‍ച്ച് ആന്‍ഡ് ഫോളോ അപ്പ് ഡിപ്പാര്‍ട്ട്‌മെന്റിനെ സമീപിക്കാം. അതേസമയം പൊതുമാപ്പ് ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്നവരുടെ പേരില്‍ മറ്റ് കേസുകള്‍ ഉണ്ടെങ്കിലോ യാത്ര ചെയ്യാന്‍ നിയമപരമായ മറ്റുതടസ്സങ്ങള്‍ ഉണ്ടെങ്കിലോ അവ പരിഹരിച്ച് മാത്രമേ രാജ്യം വിടാന്‍ കഴിയൂ.
അനധികൃത താമസക്കാര്‍ക്ക് മാത്രമാണ് പൊതു മാപ്പിന്റെ ആനുകൂല്യം ലഭിക്കുകയെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.